കരുതലിന്റെ വിജയകഥയുമായി നഗര ജനകീയാരോഗ്യ കേന്ദ്രം
Mail This Article
ചങ്ങനാശേരി ∙ കരുതലിന്റെയും ശുശ്രൂഷയുടെയും വിജയകഥയുമായി നഗരസഭ 37ാം വാർഡിൽ വാഴപ്പള്ളി പടിഞ്ഞാറുള്ള നഗര ജനകീയാരോഗ്യ കേന്ദ്രം ഒരു വർഷം പിന്നിടുന്നു. നഗരസഭ പരിധിയിൽ ആദ്യം ആരംഭിച്ച ഈ ആരോഗ്യ കേന്ദ്രത്തെത്തേടി സമീപ പഞ്ചായത്തായ വാഴപ്പള്ളിയിൽ നിന്നും മഞ്ചാടിക്കര, പറാൽ, കുമരങ്കരി ഭാഗങ്ങളിൽ നിന്നും ജനങ്ങളെത്തുന്നു. ഒരു ദിവസം ശരാശരി 90–110 ആളുകളാണ് ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഇവിടെയുത്തുന്നത്. ജനറൽ ആശുപത്രിയിലെ തിരക്കും മരുന്ന് ലഭിക്കാനുള്ള കാത്തിരിപ്പും കാരണം ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നവരുമുണ്ട്.
ദേശീയ ആരോഗ്യ മിഷന്റെ (എൻഎച്ച്എം) ചുമതലയിലാണ് പ്രവർത്തനം. തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 വരെയാണ് പരിശോധന. ചീട്ട് എടുക്കുന്നത് മുതൽ പരിശോധന, മരുന്നുകൾ വരെ സൗജന്യം. ഒരു ഡോക്ടർ, സ്റ്റാഫ്, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സപ്പോർട്ടിങ് സ്റ്റാഫ് ഉൾപ്പെടെ 5 പേർ സേവനം നൽകുന്നു. ഡോ.എസ്.അപർണയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആളുകൾ കൂടുതലായി എത്തുന്നുണ്ട്. ശ്വാസം മുട്ടലിനുള്ള നെബുലൈസേഷൻ, അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ഡ്രസിങ്ങ് ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷയും നൽകുന്നു. ഇപ്പോൾ എല്ലാ മാസവും കുട്ടികൾക്കു വാക്സിനേഷൻ കുത്തിവയ്പ്പും ആരംഭിച്ചു. നിശ്ചിത ദിവസങ്ങളിൽ സ്പെഷൽറ്റി ഒപി സേവനമുണ്ട്. ലാബ്, ഇ –ഹെൽത്ത് സംവിധാനം, മുലയൂട്ടുന്ന അമ്മമാർക്കുള്ള പരിചരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
നഗരസഭാ പരിധിയിൽ രണ്ടിടത്ത്
നഗരസഭ പരിധിയിൽ മൂന്നിടത്താണ് നഗര ജനകീയ ആരോഗ്യകേന്ദ്രം അനുവദിച്ചിരിക്കുന്നത്. 37ാം വാർഡിനു പുറമേ മോർക്കുളങ്ങര ആനന്ദാശ്രമത്തിലും കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഡോക്ടറില്ലാത്തതിനാൽ ഇടയ്ക്ക് സേവനം നിർത്തിയെങ്കിലും പുതിയ ഡോക്ടർ ഈ മാസം ആദ്യം മുതൽ ചുമതലയേറ്റതോടെ പ്രവർത്തനം സുഗമമായി. ഫാത്തിമാപുരത്ത് കെട്ടിടം ഉണ്ടെങ്കിലും ഇതു വരെ ആരംഭിച്ചിട്ടില്ല. പെരുന്നയിൽ ഒരു നഗര പ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇതിനു കീഴിലാണ് നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ രണ്ടും പ്രവർത്തിക്കുന്നത്.