വഴിയോരക്കച്ചവടം: നഗരസഭ നിലപാട് കടുപ്പിക്കുന്നു
Mail This Article
വൈക്കം ∙ നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ പിഡബ്ല്യുഡി, ആർടിഒ ഡിപ്പാർട്മെന്റുകൾ എടുക്കുന്ന നടപടി താൽക്കാലികമായി നിർത്തി വയ്ക്കണമെന്നും തൊഴിലാളികളുമായും, യൂണിയൻ നേതൃത്വവുമായും ചർച്ച നടത്തിയതിനു ശേഷം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം വഴിയോരത്ത് കച്ചവടം നടത്തുന്നതിനുള്ള അനുവാദം നൽകണമെന്നും വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എഐടിയുസി ആവശ്യപ്പെട്ടു.
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ വൈക്കം വലിയ കവലയിൽ നിന്നും പ്രകടനമായെത്തി നഗരസഭ ഓഫിസിനു മുന്നിൽ സമരം നടത്തി. എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി പി.പ്രദീപ് അധ്യക്ഷത വഹിച്ചു. ബിജു വി.കണ്ണേഴത്ത് സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ഡി.രഞ്ജിത്ത് കുമാർ, എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്കരൻ, എൻ.അനിൽ ബിശ്വാസ്, ഡി.ബാബു, ചന്ദ്രബാബു എടാടൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് ചർച്ച നടത്തും
∙ഇന്ന് 2ന് നഗരസഭ അധ്യക്ഷ പ്രീത രാജേഷിന്റെ നേതൃത്വത്തിൽ വിവിധ പാർട്ടിയിലെ ട്രേഡ് യൂണിയനുകൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരുമായി ചർച്ച നടത്തും. നഗരത്തിൽ വൈപ്പിൻ പടിയിലെ ബ്‌വറേജ് ഔട്ട്ലറ്റ് ഭാഗം, തോട്ടുവക്കം, ലിങ്ക് റോഡ് പ്രദേശങ്ങളിൽ വഴിയോരക്കച്ചവടക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് നഗരസഭ കൗൺസിൽ ഒഴിപ്പിക്കാൻ തീരുമാനമെടുത്തത്. വഴിയോര ക്കച്ചവടം നടത്താൻ 66 പേർക്കാണ് നഗരസഭ ലൈസൻസ് കൊടുത്തിരിക്കുന്നത്.
നിലവിൽ 100ൽ അധികം കച്ചവടക്കാരുണ്ട്. മീൻകച്ചവടം കോവിലകത്തുംകടവ് മാർക്കറ്റിലും ശ്രീമൂലം മാർക്കറ്റിലും മാത്രമാക്കാനാണ് നഗരസഭയുടെ നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ യാത്രാ തടസ്സത്തിന് വഴിയോരക്കച്ചവടങ്ങൾ കാരണമായതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതിന്റെയും അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടിയുമായി നഗരസഭ മുന്നോട്ടു വന്നത്.
∙ ജനങ്ങളുടെ പൊതുവികാരവും കൗൺസിലിന്റെ തീരുമാനവുമാണ്,ലൈസൻസില്ലാത്ത എല്ലാ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണം എന്നത്. ഈ തീരുമാനം നടപ്പിലാക്കും.