ADVERTISEMENT

മുണ്ടക്കയം ഇൗസ്റ്റ് ∙ 34–ാം മൈലിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് പട്ടണത്തിലെ മുഴുവൻ ഗതാഗതപ്രശ്നങ്ങൾക്കും കാരണമാകുന്ന കാഴ്ചയാണ് കുറച്ചു ദിവസമായി കണ്ടുവരുന്നത്. കോസ്‌വേ നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ 34–ാം മൈൽ വഴി തിരിച്ചുവിട്ടതോടെ പെരുവന്താനം പൊലീസും വെട്ടിലായി. ഇവിടെ ഹോം ഗാർഡുകൾ പോലും ഇല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതക്കുരുക്കഴിച്ച് വലയുകയാണ്. ഒരു ഹോം ഗാർഡിനെയെങ്കിലും ഇവിടേക്കു നിയമിക്കണം എന്നാണ് പൊലീസിന്റെ ആവശ്യം.

2 ജില്ലകളും കുടുങ്ങി
മുണ്ടക്കയം ടൗണിലെ കോസ്‌വേ കോൺക്രീറ്റിങ്ങിന്റെ ഭാഗമായി അടച്ചതോടെ സമീപ ജില്ലയായ ഇടുക്കിയിൽ നിന്നാണ് ഗതാഗതക്കുരുക്ക് തുടങ്ങുന്നത്. ജില്ലാ അതിർത്തിയായ കല്ലേപ്പാലത്തിനു സമീപത്തുനിന്ന് 34–ാം മൈൽ മുളങ്കയം റൂട്ടിലൂടെ വേണം കോരുത്തോട്, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകാൻ. വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾ ‘യു ടേൺ’ എടുത്തു പോകാൻ കഴിയാതെ പിന്നിലേക്ക് എടുക്കുമ്പോൾ ദേശീയപാതയിലും ഗതാഗതം തടസ്സപ്പെടും. കഴിഞ്ഞ ദിവസം ഒരു മണിക്കൂർ വരെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

ഹോം ഗാർഡുകളെ നിയമിക്കണം
34–ാം മൈൽ കവലയിലെ ഗതാഗതം നിയന്ത്രിക്കേണ്ടത് പെരുവന്താനം പൊലീസാണ്. ഇവിടെ കുരുക്കഴിക്കാൻ പെടാപ്പാടു പെടുകയാണ് പൊലീസ്. ഇതു കണ്ട് നാട്ടുകാരും ചിലപ്പോൾ സഹായത്തിനെത്താറുണ്ട്. എത്ര ശ്രമിച്ചാലും വാഹനങ്ങൾ കുരുക്കിലാകുന്ന കാഴ്ചയാണുള്ളത്. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡുകളില്ല. ഇവിടെ ആകെയുള്ളത് 35 മുതൽ 40 വരെ പൊലീസുകാരാണ്. ദേശീയപാതയിൽ തന്നെ സ്റ്റേഷൻ പരിധിയിൽ 3 സ്കൂളുകളുണ്ട്. സ്കൂൾ സമയങ്ങളിൽ ഇവിടെയെല്ലാം ഡ്യൂട്ടിക്ക് ആളെ ഇടണം. 

പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രവും സ്റ്റേഷൻ പരിധിയിലാണ്. അതുകൊണ്ടു തന്നെ ശരാശരി 15 ജീവനക്കാരെ വച്ചാണ് സ്റ്റേഷന്റെ പ്രവർത്തനം. ഇവിടെ ഉണ്ടായിരുന്ന ഹോം ഗാർഡ് 8 മാസം മുൻപു ജോലി നിർത്തി. പുതിയ ആളെ നിയമിച്ചിട്ടില്ല. ഗതാഗത പ്രശ്നങ്ങൾ വ്യാപകമാകുമ്പോൾ പൊലീസുകാരെ സഹായിക്കാൻ അടിയന്തരമായി ഒരു ഹോം ഗാർഡിനെയെങ്കിലും നിയമിക്കാൻ നടപടി ഉണ്ടാകണം എന്നാണ് ആവശ്യം.

ഇനിയും നീളും കാത്തിരിപ്പ്
കോസ്‌വേ പാലത്തിന്റെ കോൺക്രീറ്റിങ് ജോലികളുടെ ആദ്യ ഘട്ടം പൂർത്തിയായെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ മാത്രമേ തുറന്നു നൽകൂ എന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ പറയുന്നത്. കോസ്‌വേ തുറക്കാതെ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുകയില്ല. 34–ാം മൈൽ മുളങ്കയം വഴിയല്ലാതെ വലിയ വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്തതിനാൽ രണ്ടാഴ്ചയിലധികം പ്രശ്നങ്ങൾ സഹിച്ചേ പറ്റൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com