പുരസ്കാര തുക യുവാവിന് ചികിത്സാ സഹായമായി നൽകി പത്താം ക്ലാസ് വിദ്യാർഥിനി
Mail This Article
കടുത്തുരുത്തി ∙ സാമൂഹ്യ സേവനത്തിന് പുരസ്കാരത്തിനൊപ്പം ലഭിച്ച പുരസ്കാര തുക യുവാവിന് ചികിത്സാ സഹായമായി നൽകി പത്താം ക്ലാസ് വിദ്യാർഥിനി. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവാണ് അപൂർവ രോഗം ബാധിച്ച് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന നിർധന കുടുംബാംഗം മാഞ്ഞൂർ പഞ്ചായത്ത് മൂശാരിപറമ്പിൽ പ്രശോഭ് പുരുഷോത്തമന്റെ (20) ചികിത്സയ്ക്കായി തുക നൽകിയത്.
പ്രശോഭിനായി നാടൊന്നാകെ ധനസമാഹരണത്തിന് ഇറങ്ങിയിരുന്നു. മോൻസ് ജോസഫ് എംഎൽഎ രക്ഷാധികാരിയായി ചികിത്സാ സഹായ നിധി കമ്മിറ്റിയും പ്രവർത്തിക്കുന്നു. തോടുകളും റോഡുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലയ മരിയ ബിജുവിന് മദർ തെരേസ സേവന വ്യക്തിഗത പുരസ്കാരവും പ്രൈസ് മണിയും ലഭിച്ചിരുന്നു. ഈ തുകയാണ് മാഞ്ഞൂരിലെത്തി നിധി സമാഹരണ സമിതി ഭാരവാഹികളായ പഞ്ചായത്തംഗം സുനു ജോർജ്, കൺവീനർ മഞ്ജു അജിത്ത് എന്നിവർക്ക് കൈമാറിയത്. വാർഡിലെ ധന സമാഹരണം ലയ മരിയ ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് മാക്കിയിൽ, ജനപ്രതിനിധികളായ ബിനോ സഖറിയ, ടോമി കാറു കുളം, ജയിസൺ പെരുമ്പുഴ, ഹരി മാഞ്ഞൂർ എന്നിവർ പങ്കെടുത്തു.
ക്യാഷ് അവാർഡും ഷീൽഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം. കഴിഞ്ഞ നവംബർ മുതൽ മേയ് വരെയുള്ള സമയങ്ങളിൽ വിവിധ തോടുകളും കനാലുകളും വൃത്തിയാക്കിയതിനാണ് പ്രത്യേക പുരസ്കാരം ലഭിച്ചത്. ലയയുടെ ശുചീകരണ യജ്ഞം വിവിധ പത്ര മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 1780 സ്കൂളുകൾ പങ്കെടുത്ത സംസ്ഥാന തല സേവന പദ്ധതിയായിരുന്നു മദർ തെരേസ സേവന അവാർഡ്. ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. ഡേവിഡ് ചിറമേൽ ഫൗണ്ടേഷനാണ് ഇതിന്റെ സംഘാടകർ.