ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ഇത്തവണ ഓണത്തിനു പൂക്കളമൊരുക്കാൻ മലയോരമണ്ണിലും പൂക്കൾ വിരിയും. റബർ, തെങ്ങ്, കൊക്കോ, കുരുമുളക്, തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്തുവന്ന കിഴക്കൻ മലയോര മേഖലയിലെ കർഷകർ ആദ്യമായാണു ബന്ദിപ്പൂ കൃഷിയിലും പരീക്ഷണം നടത്തുന്നത്. ബ്ലോക്ക് പരിധിയിലെ ഇരുപത്തിയഞ്ചോളം കർഷകരാണു കൃഷി വകുപ്പിന്റെ പിന്തുണയോടെ ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. ഓണ വിപണിയാണ് പ്രധാന ലക്ഷ്യം. നിലവിൽ തമിഴ്നാട്ടിൽ നിന്നുമെത്തുന്ന പൂക്കളാണ് ഓണ വിപണി കയ്യടക്കുന്നത്.

ബ്ലോക്കിനു പരിധിയിലെ വിവിധ പഞ്ചായത്തുകളിലായി ഏഴരയേക്കർ സ്ഥലത്താണു ബന്ദിപ്പൂ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ഇതിനായി 16000 രൂപ വില വരുന്ന തൈകൾ കൃഷിവകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ സൗജന്യമായി നൽകി. നടീൽ, പരിപാലനം ,വളപ്രയോഗം തുടങ്ങിയവയ്ക്കു കൃഷിവകുപ്പ് സാങ്കേതിക സഹായവും നൽകുന്നു. കൃഷിയുടെ വിളവെടുപ്പ് ഓണക്കാലത്ത് നടത്താനാണ് ലക്ഷ്യമിടുന്നത്. തൈകൾ നട്ട് 45 ദിവസം മുതൽ പൂവിട്ടു തുടങ്ങും. ഒരു ചെടിയിൽ നിന്നും 3 മുതൽ 4 കിലോ പൂക്കൾ ലഭിക്കുമെന്നാണു പ്രതീക്ഷ.

മുൻപേ വാഴൂർ
∙ ഒരു വർഷം മുൻപ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഹോർട്ടികൾചർ മിഷന്റെ സഹകരണത്തോടെ നടപ്പാക്കി വിജയിച്ച ബന്ദിപ്പൂ കൃഷി ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി നടപ്പാക്കുകയാണ്. ഓണത്തിനു ഒരു കുടന്ന പൂവ് എന്നാണ് പദ്ധതിയുടെ പേര്. 5 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്.ബ്ലോക്ക് പരിധിയിലെ 6 പഞ്ചായത്തുകളിലായി 30 ഏക്കറിലാണ് കൃഷി ആരംഭിച്ചത്. തിരഞ്ഞെടുത്ത 30 കർഷക ഗ്രൂപ്പുകൾ വഴിയാണ് കൃഷി നടത്തുന്നത്. ക്ഷേത്രം, പള്ളി സ്കൂൾ എന്നിവിടങ്ങളിലെ കൂട്ടായ്മകളും ഇത്തവണ ബന്ദിപ്പൂ കൃഷിയിലുണ്ട്. 

ഒരു പഞ്ചായത്തിന് 5000 തൈകൾ എന്ന ക്രമത്തിൽ 30000 തൈകളാണു നൽകിയത്. ഓരോ പഞ്ചായത്തിലും 2 ഹെക്ടർ സ്ഥലത്ത് വീതം കൃഷി ആരംഭിച്ചു. ചിറക്കടവ് പഞ്ചായത്തിലെ ബന്ദിപ്പൂ കൃഷി തെക്കേത്തുകവലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം.ജോൺ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.

ഒരു കുടന്ന പൂവ് പദ്ധതിയുടെ ഭാഗമായി ഇളങ്ങോയി ഹോളിഫാമിലി ഇന്റർ നാഷനൽ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ച ബന്ദിപ്പൂ കൃഷി പള്ളിയങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള, പള്ളി വികാരി ഫാ.സോണി മണക്കാട്ട്, സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡെനോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാജി പാമ്പൂരി, പി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി ബേബി, വാർഡംഗം തോമസ് വെട്ടുവേലിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ബിന്ദു, ജോസ് കെ.തോമസ്, സിസ്റ്റർ മേഴ്സി, അസിസ്റ്റന്റ് കൃഷി ഓഫിസർ ഇ.പി.സജു കുമാർ എന്നിവർ നേതൃത്വം നൽകി.

ചിറക്കടവ് അക്ഷയ വനിതാ കാർഷിക സൊസൈറ്റി ഗ്രാമദീപം മേഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്.നായരുടെ നേതൃത്വത്തിലാണു സൊസൈറ്റി രൂപീകരിച്ച് കൃഷി നടത്തുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.സതീശ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, അഭിലാഷ് ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഓഫിസർ ശ്രീജ, കാർഷിക വികസന സമിതിയംഗം ബിജു മുണ്ടുവേലി, ശ്യാം ബാബു, വാർഡംഗം രാജേഷ്, ബൂത്ത് പ്രസിഡന്റ് എസ്.ഉണ്ണിക്കൃഷ്ണൻ, ശശിധരൻ നായർ, രാജൻ വടക്കൻ, എൻ.ആർ.ഇന്ദിര, രാധിക രാജേഷ്, കെ.എം.വിജയകുമാരി, ഐശ്വര്യ എസ്.നായർ, അഞ്ജു പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com