ലൈറ്റുകൾ തെളിഞ്ഞപ്പോൾ റോഡിൽ കുരുക്ക്
Mail This Article
കുറവിലങ്ങാട് ∙ ടൗണിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ വീണ്ടും തെളിഞ്ഞപ്പോൾ എംസി റോഡിൽ ഗതാഗതക്കുരുക്ക്. സെൻട്രൽ ജംക്‌ഷനിലാണ് ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചത്. കോഴാ ജംക്‌ഷനിലും താമസിയാതെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങും. രൂക്ഷമായ ഗതാഗതക്കുുരുക്ക് ഒഴിവാക്കുന്നതിനു നടപടി ആവശ്യപ്പെട്ടു വ്യാപാരികൾ ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. സുരക്ഷിതമായി റോഡ് കടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ. സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം അശാസ്ത്രീയമാണെന്നാണു പരാതി. വഴിയിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗത ക്രമീകരണത്തിനും വേണ്ടിയാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്, പക്ഷേ കുറവിലങ്ങാട് ടൗണിൽ തിരക്ക് വർധിക്കുകയാണ് ചെയ്തത്.
അശാസ്ത്രീയമായ രീതിയിൽ പ്രവർത്തനം പുനരാരംഭിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു. അത്യാസന്ന നിലയിൽ രോഗികളുമായിട്ട് പോകുന്ന ആംബുലൻസ് വരെ റോഡിൽ കാത്തു കിടക്കേണ്ടി വരുന്നു.അധികാരികൾ ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുറവിലങ്ങാട് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.
ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ,കാൽനടയാത്രക്കാർ,ടാക്സി ഡ്രൈവർമാർ തുടങ്ങിയവരും ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. വർഷങ്ങളായി തകരാറിലായിരുന്നു ലൈറ്റുകൾ.ഇവ അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയത്.പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനുമിടയിൽ കുറവിലങ്ങാട് സെൻട്രൽ ജംക്‌ഷൻ, കോഴാ ജംക്‌ഷൻ പുതുവേലി വൈക്കം കവല എന്നിവിടങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ ഉള്ളത്. തിരക്കേറിയ മോനിപ്പള്ളി ജംക്‌ഷനിൽ ട്രാഫിക് നിയന്ത്രണ സംവിധാനം വേണമെന്ന് ആവശ്യമുയർന്നിരുന്നു എങ്കിലും നടപ്പായില്ല.
കുരുക്ക് കുറയുന്നതിന് നിർദേശങ്ങൾ
∙സെൻട്രൽ ജംക്‌ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തെളിയുന്ന സമയം ശാസ്ത്രീയമായി ക്രമീകരിക്കുക.
∙എംസി റോഡിൽ കോഴാ ഭാഗത്തു നിന്ന് പള്ളിക്കവല ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്കു ഫ്രീ ലെഫ്റ്റ് സംവിധാനം വേണം. നിലവിൽ വൈക്കം റോഡിലേക്കു തിരിയുന്ന വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കുമ്പോൾ കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളും പ്രത്യേകിച്ചു വലിയ വാഹനങ്ങൾ നിർത്തേണ്ടി വരുന്നു. കോഴാ ജംക്‌ഷനിലും ലൈറ്റുകൾ തെളിയുമ്പോഴും ഈ സംവിധാനം വേണം.
∙റോഡരികിലുള്ള അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിക്കുക.
∙ബസ് സ്റ്റോപ്പുകൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക.
∙സെൻട്രൽ ജംക്‌ഷൻ, കോഴാ ജംക്‌ഷൻ എന്നിവിടങ്ങളിലെ ഡിവൈഡറുകൾ നീക്കം ചെയ്തു ശാസ്ത്രീയമായി പുനഃസ്ഥാപിക്കുക.
∙എംസി റോഡിലൂടെ കൂത്താട്ടുകുളം ഭാഗത്തേക്കു പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബകൾ പൂർണമായും പഞ്ചായത്ത് ബസ്് സ്റ്റാൻഡിൽ കയറി യാത്ര തുടരുക.