ADVERTISEMENT

എരുമേലി ∙ അതിദരിദ്ര വിഭാഗത്തിൽപ്പെട്ടതും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതുമായ എരുത്വാപ്പുഴ ചെള്ളേത്തുപാറ കേശവൻ (86) ഉൾപ്പെടെ 14 കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലേക്കു പോകുന്നവഴി കാൽനടയാത്ര പോലും ദുഷ്കരമായ നിലയിൽ. വഴി കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. കാൽ തെറ്റിയാൽ കുഴിയിൽ പതിക്കുന്ന വിധം സംരക്ഷണ ഭിത്തിയില്ലാത്ത നാട്ടുവഴിയിലൂടെയാണു ശാരീരിക ബുദ്ധിമുട്ട് ഉള്ളവർ വരെ രാത്രിയും പകലും നടക്കുന്നത്. ഇഴ ജന്തുക്കളുടെ ശല്യവും ഉണ്ട്. മഴക്കാലം ആകുന്നതോടെ തോട്ടിലൂടെ ശക്തമായി വെള്ളം ഒഴുകി ഈ മേഖലയിലേക്കുള്ള വഴികളിലെ യാത്ര ദുഷ്കരമാകും.

കൊപ്പം പാറയ്ക്കൽ പി.ടി.സതീശനും കുടുംബവും താമസിക്കുന്ന വീട് കാലപ്പഴക്കം മൂലം മോശമായതോടെ പാചകം ചെയ്യുന്നതിനും  കിടക്കുന്നതിനും വീടിനു സമീപം ടാർപോളിൻ കൊണ്ടു ഷെഡ്  നിർമിച്ചപ്പോൾ.
കൊപ്പം പാറയ്ക്കൽ പി.ടി.സതീശനും കുടുംബവും താമസിക്കുന്ന വീട് കാലപ്പഴക്കം മൂലം മോശമായതോടെ പാചകം ചെയ്യുന്നതിനും കിടക്കുന്നതിനും വീടിനു സമീപം ടാർപോളിൻ കൊണ്ടു ഷെഡ് നിർമിച്ചപ്പോൾ.

കുടിവെള്ള പൈപ്പ്  സ്ഥാപിച്ചിട്ട് വർഷം രണ്ട്; ശുദ്ധജലം മാത്രമില്ല
എരുത്വാപ്പുഴയിലെ ആദിവാസി വിഭാഗങ്ങളുടെ വീടുകൾക്കു മുന്നിൽ കാഴ്ച്ചവസ്തുപോലെ ജല അതോറിറ്റിയുടെ ടാപ്പും മീറ്റർ ബോക്സും പൈപ്പ് കണക്​ഷനും കാണാം. എന്നാൽ 2 വർഷം മുൻപ് ജലജീവൻ പദ്ധതിവഴി ശുദ്ധജല വിതരണത്തിന് സ്ഥാപിച്ച ഈ പൈപ്പുകളിലൂടെ ഇതുവരെ ശുദ്ധജലം മാത്രം എത്തിയില്ല. പല വീടുകളിലും സ്ഥാപിച്ച പൈപ്പും പൈപ്പ് ബോക്സും കാലപ്പഴക്കം മൂലം തകർന്ന നിലയിലാണ്. ശുദ്ധജലക്ഷാമം നേരിടുന്ന ഈ മേഖലയിൽ വേനൽ കാലത്ത് ജനങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുകയാണ്.

തുമരംപാറ കൊപ്പം കോവൂർ പുരയിടത്തിൽ കുട്ടിയമ്മ ജോസഫിനു ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് നിർമിക്കാൻ ഒരു വർഷമായി തറ കെട്ടിയ നിലയിൽ. പഴയ വീട് ഇരുന്ന സ്ഥലത്തെ മണ്ണ് ഇതിനായി നീക്കം ചെയ്തതുമൂലം കാൽ തെറ്റിയാൽ കുഴിയിലേക്കു വീഴുന്ന സ്ഥിതിയാണിപ്പോൾ.
തുമരംപാറ കൊപ്പം കോവൂർ പുരയിടത്തിൽ കുട്ടിയമ്മ ജോസഫിനു ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് നിർമിക്കാൻ ഒരു വർഷമായി തറ കെട്ടിയ നിലയിൽ. പഴയ വീട് ഇരുന്ന സ്ഥലത്തെ മണ്ണ് ഇതിനായി നീക്കം ചെയ്തതുമൂലം കാൽ തെറ്റിയാൽ കുഴിയിലേക്കു വീഴുന്ന സ്ഥിതിയാണിപ്പോൾ.

സതീശനും കുടുംബവും  ദുരിതക്കയത്തിലാണ്.
∙ ഭാഗികമായി പണിത വീട് കാലിത്തൊഴുത്തിനെക്കാൾ കഷ്ടമായ നിലയിലാണ്. മഴ പെയ്താൽ മേൽക്കൂരയിലെ ടിൻ ഷീറ്റുകൾ ചോർന്നൊലിക്കും. ചോർന്നൊലിക്കുന്ന വീട്ടിൽ കഞ്ഞി വയ്ക്കാൻ പോലും കഴിയാതെ വീടിനു പുറത്തു ടാർപോളിൻ കെട്ടിയ കുടിലിലാണ് ആദിവാസിയായ കൊപ്പം പാറയ്ക്കൽ പി.ടി. സതീശൻ (50) പാചകം ചെയ്യുന്നത്. കാലിത്തൊഴുത്തിനേക്കാൾ കഷ്ടത്തിലാണു സതീശന്റെ വീട ഭിത്തി പോലും പൂർത്തിയാക്കിയിട്ടില്ല. മുളകൾ നിരത്തി അതിനു മുകളിൽ ടിൻഷീറ്റ് ഇട്ടതാണു വീട്. കാറ്റിൽ ഷീറ്റുകൾ പറന്നുപോകും. 

മഴക്കാലത്ത് ചോർന്നൊലിക്കും. അപ്പോൾ ടാർപോളിൻ കെട്ടിയ കുടിലിലാണു ആശ്രയം. പലഭാഗത്തും ഭിത്തി പോലും പൂർണമായി കെട്ടാൻ കഴിഞ്ഞിട്ടില്ല. 12 വർഷം മുൻപു വീടിന്റെ തറ ഉറപ്പിച്ച മണ്ണ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് ഏക വരുമാനം. വീട് അറ്റകുറ്റപ്പണി നടത്തുന്നതിനു പല തവണ ട്രൈബൽ വകുപ്പിലും പഞ്ചായത്തിലും കയറിയിറങ്ങി. എന്നാൽ ഒരു രൂപയുടെ സഹായം പോലും ലഭിച്ചില്ല.  ഐഎവൈ പദ്ധതി പ്രകാരം വർഷങ്ങൾക്കു മുൻപ് വീട് നിർമിക്കുന്നതിനു തുച്ഛമായ തുകയാണ് സഹായം ലഭിച്ചത്. സാധനങ്ങൾ ചുമന്ന് എത്തിച്ചപ്പോൾ തന്നെ ഇതിന്റെ നല്ലൊരു ശതമാനം പണം തീർന്നു. ബാക്കി പണം കൊണ്ടാണു വീട് ഭാഗികമായി പൂർത്തിയാക്കിയത്. പിന്നീട് വീട് നവീകരിക്കുന്നതിനു പല തവണ അപേക്ഷ സമർപ്പിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഭാര്യ ഉഷ. മൂന്ന് മക്കൾ.

ലൈഫ് പദ്ധതിക്ക് അനക്കമില്ല; തറ കെട്ടിയിട്ടതു ബാക്കി
∙ വീട് നിർമാണത്തിനായി ഒരു വർഷം മുൻപ് ലൈഫ് പദ്ധതിയിൽ ആദ്യ ഗഡു കിട്ടി. ഈ പണം ഉപയോഗിച്ച തറ കെട്ടി. പിന്നീട് നിരവധി തവണ പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും പണം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. എസ്‌സി വിഭാഗത്തിൽപെട്ട തുമരംപാറ കൊപ്പം കോവൂർ പുരയിടത്തിൽ കുട്ടിയമ്മ ജോസഫിനും(67) കുടുംബത്തിനും ഉറക്കമില്ലാതായിട്ടു വർഷം ഒന്നായി. തകർന്നു തുടങ്ങിയ വീടിനു പകരമായി ലൈഫ് പദ്ധതിയിൽ പുതിയ വീട് അനുവദിച്ചു. ആദ്യ ഗഡുവായി ലഭിച്ച പണം കൊണ്ടു പഴയ വീടിനു മുന്നിൽ 15 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്ത് തറ കെട്ടി.

എന്നാൽ ലൈഫ് പദ്ധതിയിൽ രണ്ടാം ഘട്ടം പണം ലഭിക്കാത്തതിനാൽ വീട് പണി ഒരു വർഷമായി മുടങ്ങി കിടക്കുന്നു. പഴയ വീട് കാലപ്പഴക്കം മൂലം ഏതു സമയവും നിലം പൊത്തുന്ന നിലയിലാണ്. പഴയ വീടിനോടു ചേർന്നു മണ്ണ് നീക്കം ചെയ്താണ് പുതിയ വീട് വയ്ക്കുന്നത്. കാൽ  തെറ്റിയാൽ താഴ്ചയിലേക്കു വീഴും. നാലും എട്ടും വയസ്സുള്ള കുട്ടികൾ വീടിനു പുറത്ത് ഓടിക്കളിക്കുന്നത് ഇതുവഴിയാണ്. ഒരു വർഷത്തിനുള്ളിൽ അനേകം തവണ പഞ്ചായത്തിൽ കയറിയിറങ്ങി.  ഓരോ തവണ ചെല്ലുമ്പോഴും  പണം വന്നിട്ടില്ലെന്ന മറുപടി കേട്ടു തിരിച്ചുപോരും.  മകൻ ജയന് കൂലിപ്പണിയാണ് തൊഴിൽ. ജയനും കുടുംബവും അടക്കം 5 പേരാണ് നിലം പൊത്താറായ ഈ വീട്ടിൽ താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com