ശമിക്കാതെ മഴ; വീടുകൾ തകർന്നു, കെടുതി തുടരുന്നു
Mail This Article
കോട്ടയം ∙ ജില്ലയിലെ മഴക്കെടുതി തുടരുന്നു. ഇന്നലെ ഒരു വീട് പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ ജില്ലയിൽ 2 ദിവസമായി തുടരുന്ന മഴയിൽ 3 വീടുകൾ പൂർണമായും 41 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മരം വീണു രണ്ടു പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ, കോട്ടയം ജനറൽ ആശുപത്രിയുടെ മുകളിലേക്ക് സമീപത്തുനിന്ന മരത്തിന്റെ ശാഖ ഒടിഞ്ഞുവീണു ഭാഗിക നാശമുണ്ടായി. 2 മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നെങ്കിലും മറ്റൊരു ഭാഗത്തായതിനാൽ കുഴപ്പങ്ങളുണ്ടായില്ല. മൃതദേഹങ്ങൾ അവകാശികളെത്തി കൊണ്ടു പോയി. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതു വരെ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ നിർത്തിവച്ചു.
പരുക്കേറ്റവർ
∙ പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം മരം വീണ് വടവാതൂർ മുതിരകുന്നേൽ തങ്കപ്പന് (70) പരുക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ വാകത്താനം പഞ്ചായത്തിൽ പരിയാരം ചക്കഞ്ചിറ കൈലാസത്തിൽ പി.ടി.അജിയുടെ വീടിനു മുകളിലേക്ക് കൂറ്റൻ പ്ലാവ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. ഓടു വീണ് അജിയുടെ മകൾ ഗംഗയ്ക്കു (15) പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ക്യാംപുകൾ 2
വടവാതൂർ ജിഎൽപിഎസ്, വടവാതൂർ എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഇന്നലെ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. രണ്ടിടത്തായി 17 പേരുണ്ട്.
ഒരു കോടിയുടെ കൃഷിനാശം
14നു പെയ്ത കനത്ത മഴയിൽ ജില്ലയിൽ ഒരു കോടി രൂപയുടെ കൃഷി നാശം. 16.01 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 359 കർഷകരെ കൃഷിനാശം നേരിട്ട് ബാധിച്ചു. ഇതിനു ശേഷമുള്ള ദിവസങ്ങളിലെ കണക്കുകൾ ശേഖരിച്ചു വരുന്നു.
കെഎസ്ഇബിക്കും കനത്ത നഷ്ടം
കനത്ത കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വ്യാപക നഷ്ടം. പാലാ ഇലക്ട്രിക്കൽ സർക്കിളിൽ മാത്രം 14 മുതൽ ഇന്നലെ വരെ 438 ട്രാൻസ്ഫോമറുകളിലായി 50,988 ഗുണഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചു. 31 എച്ച്ടി പോസ്റ്റുകളും 158 എൽടി പോസ്റ്റുകളും തകർന്നു. 8 സ്ഥലങ്ങളിൽ എച്ച്ടി ലൈനും 581 സ്ഥലങ്ങളിൽ എൽടി ലൈനുകളും തകരാറിലായി. 9 ട്രാൻസ്ഫോമറുകളും തകരാറിലായി.
കെഎസ്ആർടിസി ഗാരിജിൽ വെള്ളക്കെട്ട്
കോട്ടയം ∙ കനത്ത മഴയിൽ കോട്ടയം കെഎസ്ആർടിസി ഗാരിജിൽ വെള്ളക്കെട്ട്. വെൽഡിങ് ജോലികൾ തുടർന്നാൽ ഷോക്ക് ഏൽക്കുമെന്ന് ആശങ്ക. അറ്റകുറ്റപ്പണികൾക്കായി ബസ് കയറ്റി നിർത്തുന്ന പിറ്റിൽ നിറയെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിൽ ഇറങ്ങി ജോലി ചെയ്യാൻ സാധിക്കില്ല. ഇതോടെ അറ്റകുറ്റപ്പണികൾക്കും ഭാഗികമായി തടസ്സം നേരിടുന്നുണ്ട്. മാലിന്യം നിറഞ്ഞ ഭാഗത്തെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. രണ്ടാഴ്ച മുൻപ് ഒരു ജീവനക്കാരന് എലിപ്പനി സ്ഥിരീകരിച്ചിരുന്നു.
ജില്ലയിലെ വിളനാശം
തെങ്ങ്: 90 എണ്ണം
വാഴ : 2500
റബർ: 3760
അടയ്ക്ക: 125
കുരുമുളക്: 730
തെങ്ങ്: 60
ജാതി: 240
പച്ചക്കറി: 0.6 ഹെക്ടർ
കപ്പ: 1.4 ഹെക്ടർ.
യാത്രയ്ക്ക് നിരോധനം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവിഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നാളെ വരെ നിരോധിച്ചു. നാളെ വരെ ഈരാറ്റുപേട്ട– വാഗമൺ റോഡിലും രാത്രി യാത്രയ്ക്കു നിരോധനമുണ്ട്. 25 വരെ ജില്ലയിൽ ഖനന പ്രവർത്തനങ്ങളും കലക്ടർ നിരോധിച്ചു.
മഴക്കെടുതിയുടെ മറവിൽ മോഷണശ്രമവും
കോട്ടയം ∙ മഴക്കെടുതിയുടെ മറവിൽ തസ്കര സംഘം. കഞ്ഞിക്കുഴി മേഖലയിൽ 2 വീടുകളിലാണു ചൊവ്വാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്. കഞ്ഞിക്കുഴി പൗവ്വത്ത് റോഡിൽ അനീഷിന്റെ വീട്ടിലും ശാന്തിസ്ഥാൻ റോഡിൽ ലാൽജിയുടെ വീട്ടിലുമാണ് മോഷണശ്രമം. ലാൽജിയുടെ വീടിന്റെ ജനൽച്ചില്ല് തകർന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. കള്ളനെ നേരിട്ട് കണ്ടതോടെ പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതിന് മുൻപ് കള്ളൻ രക്ഷപ്പെട്ടു.
പൊലീസ് സംഘം പട്രോളിങ് നടത്തി മടങ്ങിയതിന് പിന്നാലെ അനീഷിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. വീടിന്റെ പിൻവശത്തെ വാതിൽ തുറക്കാൻ ശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ഉണർന്നു. കാറ്റിൽ മരം വീണതിനാൽ പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു.