‘അത് വിള്ളൽ അല്ല വരകൾ ആണ്’; എസി റോഡിലെ വിള്ളൽ പരിഹരിക്കാൻ ‘മാസ്റ്റിക് സീൽ എൻഡ്’
Mail This Article
ചങ്ങനാശേരി ∙ എസി റോഡിൽ ഒന്നാം പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തി. റോഡിൽ കണ്ടത് വിള്ളലും പൊട്ടലും അല്ലെന്നും കോൺക്രീറ്റ് പാലവും റോഡും ബന്ധിപ്പിക്കുന്ന ഇടങ്ങളിലേതു വിള്ളലെന്നു തോന്നിക്കുന്ന പോലുള്ള വരകളാണെന്നും നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചു. പാലങ്ങളുടെ ഈ ഭാഗങ്ങൾ ചൂടുമൂലം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതു പതിവാണെന്ന് അധികൃതർ പറഞ്ഞു. അതുമൂലമുണ്ടാകുന്ന ചെറിയ പൊട്ടൽ ഒഴിവാക്കാൻ മാസ്റ്റിക് സീൽ എൻഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അറിയിച്ചു.
ഒന്നാം പാലത്തിന്റെ അപ്രോച്ച് റോഡ് ഒന്നര സെന്റിമീറ്ററോളം കട്ട് ചെയ്ത് പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലത്ത് റബർ ബുഷ് ടേപ്പടങ്ങിയ മാസ്റ്റിക് സീൽ എൻഡ് സ്ഥാപിക്കും. മനയ്ക്കച്ചിറ, രാമങ്കരി, നെടുമുടി പാലങ്ങളിൽ ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.