ജനമൊഴിയാതെ പുതുപ്പള്ളി; ചരമവാർഷികദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം
Mail This Article
കോട്ടയം ∙ പുതുപ്പള്ളി പള്ളിക്കു മുകളിൽ പുലർച്ചെ മുതൽ ആകാശം പിണങ്ങിനിന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കഴിഞ്ഞ ഒരു വർഷമായി കാണാതിരിക്കുന്നതിന്റെ പരിഭവം പോലെയായിരുന്നു അത്. പള്ളി മണികളുണരുന്ന ഞായറാഴ്ചകളിൽ ഈ പള്ളി വാതിൽക്കൽ അദ്ദേഹത്തെ കാണാമായിരുന്നു. ഓർമകളുടെ ഇരമ്പം പോലെ ഇടവിട്ടു മഴ തിമിർത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പുതുപ്പള്ളി പള്ളിയിലേക്കു പുലർച്ചെ മുതൽ തന്നെ പുരുഷാരത്തിന്റെ ഒഴുക്കായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന സുകൃതത്തെ നെഞ്ചേറ്റിയായിരുന്നു അവരുടെ വരവ്. അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയവർ പള്ളിമുറ്റത്തു തന്നെ നിന്നു. പിന്നീട് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലെ സാന്നിധ്യമായി.
ജനങ്ങളുടെ കൈപിടിച്ച് പറഞ്ഞതെല്ലാം നിറവേറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിക്കും ജനങ്ങൾക്കുമിടയിൽ മതിലുകളില്ലായിരുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഗവർണർ തുടങ്ങിയത് മലയാളത്തിൽ
∙ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം ആരംഭിച്ചതു മലയാളത്തിൽ. ജനങ്ങൾക്ക് അദ്ദേഹം കുഞ്ഞൂഞ്ഞായിരുന്നുവെന്നും ഗവർണർ മലയാളത്തിൽ പറഞ്ഞു.