ADVERTISEMENT

ഈരാറ്റുപേട്ട ∙ ജിപിഎസ് സംവിധാനം ഏർപ്പെടുത്താൻ വൈകുന്നതുമൂലം കെഎസ്ആർടിസി സർവീസ‍ുകൾ മുടങ്ങുന്നു. അനാസ്ഥയ്ക്കൊപ്പം ഡ്രൈവർമാരുടെ കുറവുകൂടി വന്നതോടെ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങുന്നതു പതിവാകുന്നു. ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയാലും ഡ്രൈവർമാരുടെ കുറവു നികത്തിയില്ലെങ്കിൽ സർവീസ് മുടക്കത്തിന്റെ എണ്ണം കൂടും. 81 ഡ്രൈവർമാർ വേണ്ട സ്ഥാനത്ത് 65 പേർ മാത്രമാണുള്ളത്. കാലപ്പഴക്കം ചെന്ന ബസുകൾ സർവീസ് നടത്തുമ്പോൾ, ജിപിഎസ് ഇല്ലാത്ത കാരണത്താൽ മെക്കാനിക്കൽ തകരാറുകൾ ഇല്ലാത്ത 2 ബസുകൾ സർവീസിന് അയയ്ക്കാതെ 4 മാസമായി ഒതുക്കിയിട്ടിരിക്കുകയാണ്.

ആർഎസ്‌സി 432, ആർഎകെ 81 എന്നീ ബസുകൾക്കാണു ഡിപ്പോ അധികൃതർ വിശ്രമം അനുവദിച്ചിരിക്കുന്നത്. ജിപിഎസ് ഇല്ലാത്തതിനാൽ സിഎഫ് നൽകാൻ മോട്ടർ വാഹന വകുപ്പ് തയാറുമല്ല. ജിപിഎസ് അനുവദിക്കാൻ പല പ്രാവശ്യം ഡിപ്പോ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. പ്രതിദിനം 20000 രൂപ വരെ വരുമാനമുള്ള വാഹനങ്ങളാണു വിശ്രമിക്കുന്നത്. കാലപ്പഴക്കം ചെന്ന ബസുകൾ ഏന്തിവലിഞ്ഞു സർവീസും നടത്തുന്നു.പഴക്കം ചെന്ന ബസുകളാണ് മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്നത്.

 4 മാസം കൊണ്ടു ലക്ഷക്കണക്കിനു രൂപയാണു കെഎസ്ആർടിസിക്കു നഷ്ടം വരുത്തിയിരിക്കുന്നത്. കണ്ടീഷനുള്ള വാഹനങ്ങ‍ൾക്കു വിശ്രമം അനുവദിച്ചിട്ടാണ് ഈ നഷ്ടം ചോദിച്ചു വാങ്ങുന്നത്. വർഷങ്ങൾക്കു മുൻപ് 75 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ ഇപ്പോൾ അതിന്റെ പകുതി മാത്രമാണുള്ളത്.  കോവിഡിന്റെ മറവിലും അല്ലാതെയും ബസുകൾ പലവഴിക്കു കൊണ്ടു പോയി.

എറണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോയ്ക്കുള്ള അംഗീകാരം പല തവണ ഡിപ്പോയ്ക്കു ലഭിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്കു കൺസഷൻ കാർഡുകൾ നൽകിയിട്ടുണ്ടെങ്കിലും ഷെഡ്യൂളുകൾ റദ്ദാക്കുന്നതിനാൽ ഇതിന്റെ പ്രയോജനം ലഭിക്കാതെ വരുന്നുണ്ട്.  ഇത്തരം വിഷയങ്ങളിൽ ജനപ്രതിനിധികൾ ഇടപെട്ടു പ്രശ്നപരിഹാരം അടിയന്തരമായി ഉണ്ടാക്കുകയാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com