24 ലക്ഷം രൂപ പാഴായി; കാടുകയറി ആ കെട്ടിടം
Mail This Article
കടുത്തുരുത്തി ∙ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മങ്ങാട്ടുനിരപ്പ് ഭാഗത്ത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം പണി പൂർത്തിയാകാതെ കാട് കയറി നശിക്കുന്നു. 2014–15ൽ പഞ്ചായത്ത് അംഗമായിരുന്ന ഔസേപ്പച്ചൻ കൈതമറ്റത്തിന്റെ ശ്രമഫലമായി മോൻസ് ജോസഫ് എംഎൽഎയാണ് കെട്ടിട നിർമാണത്തിന് തുക അനുവദിച്ചത്. പിന്നീട് പഞ്ചായത്ത് ഭരണ സമിതി മാറിയതോടെ പാതിവഴിയിൽ കെട്ടിടം പണി നിശ്ചലമായി. ഇവിടം നിലവിൽ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ്.
വാർഡിലെ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, അക്ഷയ സെന്റർ, ജല പരിശോധനാ കേന്ദ്രം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ ആരംഭിക്കാനായിരുന്നു പദ്ധതി. അധികൃതരുടെ അവഗണനയും അനാസ്ഥയും മൂലം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നിർമിച്ച കെട്ടിടം പൂർത്തിയാകാതെ നശിക്കുകയാണ്. എത്രയും വേഗം കെട്ടിടനിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.