കൺസ്യൂമർഫെഡ് ന്യായീകരിക്കുന്നത് നഷ്ടക്കണക്ക് പറഞ്ഞ്; ത്രിവേണി സൂപ്പർ മാർക്കറ്റ് പൂട്ടുന്നു
Mail This Article
ചങ്ങനാശേരി ∙ ത്രിവേണി സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടുന്നു. റവന്യു ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റാണു നഷ്ടത്തിലായതിനെ തുടർന്ന് അടച്ചു പൂട്ടുന്നത്. സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മുഴുവൻ പുത്തനങ്ങാടിയിലെ ഗോഡൗണിലേക്കു മാറ്റി കൊണ്ടിരിക്കുകയാണ്. ആവശ്യ സാധനങ്ങൾ മാറ്റാൻ ആരംഭിച്ചതോടെ കച്ചവടവും നടക്കുന്നില്ല. 2005ലാണു റവന്യു ടവറിൽ സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്. സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന റവന്യു ടവറിലെത്തുന്ന ആളുകളാണു കൂടുതലായും മാർക്കറ്റിൽ എത്തിയിരുന്നത്.
രണ്ടാം ശനിയാഴ്ചയും അവധി ദിനങ്ങളിലും ടവറിലെ സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതിനാൽ സൂപ്പർ മാർക്കറ്റിൽ ആളുകളെത്തുന്നില്ല. നഗരത്തിൽ നിന്ന് മാറിയിരിക്കുന്നതിനാൽ പൊതുജനശ്രദ്ധയും കാര്യമായി ലഭിച്ചില്ല. ഇതു കാരണമാണു മാർക്കറ്റ് നഷ്ടത്തിലായതെന്നു കൺസ്യൂമർഫെഡ് അധികൃതർ വിലയിരുത്തുന്നത്. മൂന്ന് ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടുന്നില്ലെന്നും നഗരത്തിൽ കൂടുതൽ ജനശ്രദ്ധ നേടുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുമെന്നും കൺസ്യൂമർ ഫെഡ് പറയുന്നു.
മൊബൈൽ ത്രിവേണി സ്റ്റോറും കട്ടപ്പുറത്ത്
ഗ്രാമപ്രദേശങ്ങളിലും മറ്റിടങ്ങളിലും കുറഞ്ഞ ചെലവിൽ ത്രിവേണി ഉൽപന്നങ്ങൾ നേരിട്ട് വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്ന ത്രിവേണി മൊബൈൽ സ്റ്റോറിന്റെ സേവനം ചങ്ങനാശേരിയിൽ നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. ഈ വാഹനവും പുത്തനങ്ങാടി ഗോഡൗണിലേക്ക് മാറ്റി.