കാർഗിൽ ദിനാചരണം ഇന്ന്; നമ്മുടെ അടുത്തുണ്ട് ഒരു കാർഗിൽ
Mail This Article
ചങ്ങനാശേരി ∙ കാർഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിന്റെ 25ാം വാർഷിക ആഘോഷങ്ങൾ ഇന്ന്. രാജ്യസ്നേഹവും ധീരസ്മരണകളും ഉയർത്തുന്ന മറ്റൊരു കാർഗിലുണ്ട്, നമ്മുടെ നാട്ടിൽ. ചെത്തിപ്പുഴ കണ്ണന്ത്രപ്പടി റൂട്ടിലൂടെ ചെന്നാൽ ഈ കാർഗിലിൽ എത്തിച്ചേരാം. ഇത്തിത്താനം ചെമ്പുചിറയിലുള്ള ജംക്‌ഷനാണ് ഇൗ കാർഗിൽ. ഇന്ത്യൻസേനയുടെ പോരാട്ടവീര്യത്തിന്റെ സ്മരണ നിലനിർത്താൻ ഇത്തിത്താനത്തെയും സമീപപ്രദേശങ്ങളിലെയും വിമുക്തഭടൻമാർ കാർഗിൽ യുദ്ധത്തിനു ശേഷമാണ് ഒത്തുചേർന്ന് ‘എക്സ് സർവീസ് മെൻ അസോസിയേഷൻ’ എന്ന സംഘടന ഇവിടെ രൂപീകരിക്കുന്നത്.
ജംക്‌ഷനിൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. ‘കാർഗിൽ വാർ മെമ്മോറിയൽ ബിൽഡിങ്’ എന്നാണു കെട്ടിടത്തിനു പേരിട്ടത്. അങ്ങനെ ജംക്‌ഷനു കാർഗിൽ ജംക്‌ഷനെന്ന പേരും വീണു. എയർഫോഴ്സിൽ നിന്നു വിരമിച്ച വി.കെ.അനിൽകുമാർ വെള്ളിക്കര പ്രസിഡന്റും പ്രതീഷ് ചന്ദ്രൻ സെക്രട്ടറിയുമാണിപ്പോൾ. കരസേനയിൽ നിന്നു വിരമിച്ച മുതിർന്ന അംഗം ജോസഫ് മാമ്പള്ളി പിന്തുണയും മാർഗനിർദേശങ്ങളുമായി നേതൃത്വം നൽകുന്നു.
യുദ്ധം നടക്കുന്ന കാലഘട്ടത്തിൽ ഒരു ചായക്കടയും മുറുക്കാൻ കടയുമാണു ജംക്‌ഷനിൽ ഉണ്ടായിരുന്നത്. ചായക്കടയിലിരുന്നു പത്രം വായിക്കാനും റേഡിയോയിലൂടെ യുദ്ധവാർത്തകൾ കേൾക്കാനും ആളുകൾ തടിച്ചുകൂടിയിരുന്ന കാര്യങ്ങൾ മുതിർന്ന നാട്ടുകാരിൽ പലരും ഓർക്കുന്നു. യുദ്ധത്തിന്റെ വിജയാരവങ്ങളും ഈ കവലയിൽ അന്ന് മുഴങ്ങി.
പേരുമാറ്റം; ‘ഇഎംഎസിന്’ പിണക്കമില്ല..
കാർഗിൽ എന്ന പേരു വീഴുന്നതിനു മുൻപ് ‘ഇഎംഎസ് മുക്ക്’ എന്ന പേരിലായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കവലയിൽ കട നടത്തിയിരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന പുതുശേരി ഭാസ്കരനു നാട്ടുകാർ നൽകിയ വിളിപ്പേരാണ് ഇഎംഎസ് എന്ന്. അങ്ങനെ ഇവിടം വർഷങ്ങളോളം ‘ഇഎംഎസ് മുക്കാ’യി. 90 വയസ്സ് പിന്നിട്ട ഭാസ്കരൻ ഇന്നു വിശ്രമജീവിതത്തിലാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭാസ്കരൻ ആലപ്പുഴയിൽ ഒളിവിൽ പോയിരുന്നു. ഇഎംഎസ് മുക്ക് കാർഗിൽ ജംക‌്‌ഷനായി മാറിയതിൽ ഭാസ്കരന് ഒട്ടും പിണക്കമില്ല. രാജ്യത്തിന്റെ വിജയമല്ലേ.. കാർഗിൽ എന്ന പേരാണ് എനിക്കും ഇഷ്ടം– ഭാസ്കരൻ പറഞ്ഞു.