സ്കൂൾ പഠനകാലത്ത് നടക്കാതെ പോയ വിനോദയാത്ര നടന്നു; 3 പതിറ്റാണ്ടിനു ശേഷം
Mail This Article
കാഞ്ഞിരപ്പള്ളി∙ സ്കൂൾ പഠനകാലത്ത് നടക്കാതെ പോയ വിനോദയാത്ര 3 പതിറ്റാണ്ടിനു ശേഷം യാഥാർഥ്യമാക്കി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിലെ 1993 ബാച്ച് എസ്എസ്എൽസി വിദ്യാർഥികൾ. വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സഹപാഠിയുടെ റിസോർട്ടിലേക്കാണു സ്കൂളിൽ നിന്നു വിനോദയാത്ര നടത്തിയത്. ഹൃദ്യം 93 എന്ന സ്കൂൾ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു വിനോദയാത്ര. സഹപാഠിയായ അഭിലാഷ് വർഗീസിന്റെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ മിസ്റ്റ് ഇൻ റിസോർട്ടിൽ തങ്ങിയ ഇവർ കുട്ടിക്കാനം പീരുമേട് തുടങ്ങിയ സ്ഥലങ്ങൾ കണ്ടാസ്വദിച്ചാണ് മടങ്ങിയത്.
പഞ്ചായത്തംഗങ്ങളും ബിസിനസുകാരും പ്രവാസികളും തുടങ്ങി സർക്കാർ ഉദ്യോഗസ്ഥർ വരെ അടങ്ങിയ 35 അംഗ പൂർവവിദ്യാർഥിസംഘം മലയോര മഴക്കാലഭംഗി ആസ്വദിച്ചാണു മടങ്ങിയത്. സ്കൂൾ മുറ്റത്ത് നിന്ന് ആരംഭിച്ച യാത്ര അന്നത്തെ ഫിസിക്സ് അധ്യാപകനായിരുന്ന കെ.ജെ.ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. ഷിറാസ് കമാൽ, ആന്റണി മാർട്ടിൻ, അൻസാർ കൊല്ലംകുന്നേൽ എന്നിവർ നേതൃത്വം നൽകി.