വെറുപ്പിച്ച്, വിറപ്പിച്ച് നാട്ടിൽ ഒച്ചിഴയുന്നു; പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ
Mail This Article
പാലാ ∙ ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേൽ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായത്. പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കപ്പ, വാഴ, കമുക്, ചെടികൾ, പച്ചക്കറികൾ, ചേന, തുടങ്ങിയ കൃഷികൾ തിന്നു നശിപ്പിച്ചു. കമുക് ഉൾപ്പെടെയുള്ളവയുടെ ചുവട്ടിലെ തണ്ടും തിന്നുന്നുണ്ട്. തെങ്ങിന്റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു. കപ്പളം പോലുള്ള കറയുള്ള ചെറുമരങ്ങൾ മുതൽ കാന്താരി മുളക് ചെടി വരെ ആഫ്രിക്കൻ ഒച്ചിന് ഭക്ഷണമാവുന്നു.
പുരയിടത്തിൽ ഉപ്പ് വിതറുമ്പോൾ ചത്തു പോകുന്നുണ്ട്. എന്നാൽ ദിവസേന 5 പായ്ക്കറ്റ് വരെ ഉപ്പ് പൊടി വിതറി ചത്ത ഒച്ചിനെ പെറുക്കിക്കൂട്ടി കളയുമ്പോഴേക്കും വീണ്ടും പെരുകുന്നു. ഉപ്പ് വിതറുമ്പോൾ ഒച്ചിന്റെ ശരീരത്തു നിന്ന് തെറിക്കുന്ന വെള്ളം ആളുകളുടെ ദേഹത്ത് വീണ് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.വളർച്ച എത്തിയ ഒച്ച് 300 ഗ്രാം വരെയുണ്ട്. വലിയ തവളയുടെ വലുപ്പം വരെ എത്താറുണ്ട്. മീനച്ചിലാറിനോടു ചേർന്നുള്ള പുരയിടങ്ങളിലാണ് ആദ്യം ഒച്ചിനെ കണ്ടു തുടങ്ങിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റു പുരയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
നശിപ്പിക്കാൻ നടപടി
ഭരണങ്ങാനം ∙ ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുന്നതിന് കൃഷി, ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. അറവക്കുളം വാർഡ് മെംബർ റെജി വടക്കേമേച്ചേരി കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് പഞ്ചായത്തിൽ ഇന്നലെ യോഗം ചേർന്നത്.വാർഡുകളിൽ അടിയന്തരമായി യോഗങ്ങൾ നടത്തുന്നതിനും കെണി ഒരുക്കുന്നതിനും കെണിയിൽ വന്ന് ചത്ത ഒച്ചിനെ കുഴിച്ചു മൂടുന്നതിനും തീരുമാനിച്ചു. 7 ദിവസം കൊണ്ട് പദ്ധതി നടപ്പാക്കും. ആദ്യ യോഗം ഇന്ന് 10നു വെട്ടുകല്ലേൽ ആലീസിന്റെ ഭവനത്തിൽ നടത്തും. ആലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റെജി വടക്കേമേച്ചേരി, ജോസുകുട്ടി അമ്പലമറ്റം, ഡോ.ചിപ്പി, സജിത്ത് മാത്യൂസ്, പി.ആർ.സലിൻ, ഡോ.സനീഷ്, ഡോ.ബീമാലക്ഷ്‌മി, അനിൽ, എബി ഐസക് എന്നിവർ പ്രസംഗിച്ചു.