ടിപ്പർ പോയപ്പോൾ റോഡ് ഇടിഞ്ഞു താഴ്ന്നു; പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ !
Mail This Article
കോട്ടയം∙ മണർകാട് പള്ളിക്ക് സമീപമുള്ള റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോഴാണ് കിണർ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പർ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികിൽ അൽപം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അൽപ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടർന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണർ കണ്ടെത്തിയത്. കല്ലും മണ്ണും ഉപയോഗിച്ച് കിണർ നികത്തി.
മണർകാട് റോഡിലെ കിണർ സമീപത്തെ വീട്ടുകാരുടേതെന്ന് നിഗമനം
മണർകാട് ∙ പള്ളിയോടു ചേർന്ന റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് തെളിഞ്ഞുവന്ന കിണർ മുൻപ് അവിടെ താമസിച്ചിരുന്ന വീട്ടുകാരുടേതാവാമെന്ന് നിഗമനം. സെന്റ് മേരീസ് ആശുപത്രിക്കും സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിനും ഇടയിലുള്ള റോഡിൽ കഴിഞ്ഞ ദിവസം ലോറി പോയപ്പോഴാണ് മണ്ണിടിഞ്ഞ് പഴയ കിണർ കണ്ടെത്തിയത്. കിണറിന്റെ പഴക്കത്തെപ്പറ്റിയോ ഇവിടെ കിണർ മൂടിയ കാര്യമോ നാട്ടുകാർക്ക് അറിവില്ല.
ഉപയോഗിക്കാൻ പറ്റാത്ത വെള്ളമുള്ള കിണറാണു റോഡിൽ കണ്ടെത്തിയതെന്നു മണർകാട് പള്ളിയിലെ സഹവികാരി ഫാ.ജെ.മാത്യു മണവത്ത് പറഞ്ഞു. കിണർ കണ്ടെത്തിയ സ്ഥലം നടുവിലേടം, ചോറാറ്റി കുടുംബങ്ങളുടെ പുരയിടത്തിനു സമീപമാണ്. ഇവരുടെ കിണറാകാനാണു സാധ്യത. ആ സ്ഥലം പിന്നീട് മണർകാട് പള്ളിക്കു നൽകുകയോ വാങ്ങുകയോ ചെയ്തിരുന്ന കാര്യം ഫാ. മാത്യു മണവത്ത് ഓർമിച്ചു.
പണ്ട് ഈ റോഡിനു വീതിയുണ്ടായിരുന്നില്ല. വീതികൂട്ടിയത് 30 വർഷം മുൻപാണ്. 75 വർഷത്തിനിടയ്ക്ക് ഇങ്ങനെയൊരു കിണർ ഉണ്ടായിരുന്നതായോ മൂടിയതായോ അറിയില്ലെന്നും ഫാ. മണവത്ത് പറഞ്ഞു. താൻ പഠിച്ച മണർകാട് ഹൈസ്കൂളിനു മുന്നിലും മുൻപ് ഒരു കിണർ ഉണ്ടായിരുന്ന കാര്യം അദ്ദേഹം ഓർമിച്ചു. കിണറ്റിലെ വെള്ളത്തിനു മുകളിൽ പാട ചൂടി വെള്ളം ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ ഈ കിണർ മൂടി.
അതുപോലെ ഈ കിണറും മുകളിൽ കരിങ്കൽപാളികൾ ഇട്ട് അതിനു മുകളിൽ മണ്ണിട്ട് അടച്ചതാകാമെന്ന് അദ്ദേഹം കരുതുന്നു. കിണറ്റിൽനിന്നു കരിങ്കല്ലിന്റെ കഷണങ്ങൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. പണ്ട് കോൺക്രീറ്റ് സ്ലാബിനു പകരം കരിങ്കൽ കീറിയ പാളികളാക്കി ഉപയോഗിച്ചാണ് ചെറിയ കലുങ്കുകളും മറ്റും ഉണ്ടാക്കിയിരുന്നത്. ഇതും കരിങ്കൽ പാളി വച്ച് അടച്ച കിണറാകാൻ സാധ്യത കാണുന്നതായും ഫാ. മാത്യു മണവത്ത് പറഞ്ഞു.