ഈ മണ്ഡലകാലത്തും പൂർത്തിയാകില്ല എരുമേലിയിലെ അന്നദാന മണ്ഡപം
Mail This Article
എരുമേലി∙ ശബരിമല ഇടത്താവള വികസന പദ്ധതിയിൽ 15 കോടി ചെലവിട്ടു ക്ഷേത്രത്തിനു സമീപം ദേവസ്വം ബോർഡ് നിർമിക്കുന്ന അന്നദാന മണ്ഡപവും ഓഫിസ് സമുച്ചയവും ഈ തീർഥാടന കാലത്തും തുറന്നുകൊടുക്കാനുള്ള സാധ്യത മങ്ങി. 2022 ഏപ്രിലിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമാണം മാത്രമാണ് ഭാഗികമായി പൂർത്തിയായത്. ഈ വർഷത്തെ മണ്ഡല, മകരവിളക്ക് തീർഥാടന കാലം ആരംഭിക്കുന്നതിനു മൂന്നര മാസത്തിൽ താഴെ മാത്രമാണുള്ളത്. ഈ സമയത്തിനുള്ളിൽ പുതിയ കെട്ടിടത്തിന്റെ മൂന്നിൽ ഒരു ഭാഗം പോലും നിർമാണം പൂർത്തിയാകില്ലെന്ന് ഉറപ്പായി. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് 2022ൽ നിർമാണം തുടങ്ങിയത്.
കഴിഞ്ഞ തീർഥാടന കാലത്ത് അടിത്തറയുടെ നിർമാണം പോലും പൂർത്തിയായിരുന്നില്ല.വലിയമ്പലം ക്ഷേത്ര പരിസരത്തെ പഴയ വിരിപ്പന്തലും ഓഫിസ് കെട്ടിടങ്ങളും പൊളിച്ചു കളഞ്ഞാണു പുതിയ കെട്ടിടം നിർമാണം ആരംഭിച്ചത്. ഏതാനും മാസത്തിനുള്ളിലാണ് അൽപമെങ്കിലും നിർമാണത്തിൽ പുരോഗതിയുണ്ടായത്. കരാറുകാർ നിർമാണം വൈകിപ്പിച്ചതാണു കെട്ടിടം പൂർത്തിയാക്കാനുള്ള കാലതാമസത്തിനു കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. പഴയ കെട്ടിടം പൊളിച്ചതു മൂലം വിരിപ്പന്തലിന്റെ സൗകര്യം ഇല്ലാതായതാണു തീർഥാടകർ കഴിഞ്ഞ വർഷങ്ങളിൽ നേരിട്ട പ്രധാന പ്രതിസന്ധി. ക്ഷേത്ര നടപ്പന്തലിന്റെ എതിർ വശത്തെ ഷോപ്പ് ബിൽഡിങ്ങിലാണ് ദേവസ്വം ബോർഡ് അറ്റകുറ്റപ്പണി നടത്തി താൽക്കാലികമായി വിരിപ്പന്തൽ സൗകര്യം ഒരുക്കിയത്.
പേട്ട തുള്ളി ക്ഷേത്ര ദർശനത്തിനു ശേഷം വിശ്രമിക്കുന്നതിനാണു വിരിപ്പന്തൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് അകലെയായതിനാൽ തീർഥാടകർ താൽക്കാലിക വിരിപ്പന്തൽ ഉപയോഗിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. 4252 ചതുരശ്ര മീറ്ററിലാണു മണ്ഡപം നിർമാണം. 448 തീർഥാടകർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അന്നദാന മണ്ഡപം, അതിഥി മന്ദിരം ശുചിമുറികൾ, ഡോർമിറ്ററി, പാചകശാല, ഓഡിറ്റോറിയം, വിവിധ ഓഫിസുകൾ എന്നിവയും പുതിയ കെട്ടിടത്തിൽ നിർമിക്കുന്നുണ്ട്.