ADVERTISEMENT

ഏറ്റുമാനൂർ∙ മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ല, ഏറ്റുമാനൂരപ്പൻ ബസ് ബേയിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷമാകുന്നു. ഇരുട്ടു വീണാൽ മദ്യപരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ് നഗരഹൃദയത്തിലെ ബസ് ബേ. കാത്തിരിപ്പ് കേന്ദ്രം സാമൂഹിക വിരുദ്ധർ കയ്യടക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ രാത്രികാലങ്ങളിൽ ഭയന്നു വിറച്ചാണ് ഇവിടെ നിൽക്കുന്നത്.

സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ കൂടി അടച്ചാൽ പ്രദേശം കൂരിരുട്ടിലാകും. എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനു മുൻവശത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ അവസ്ഥ. ഏറ്റുമാനൂർ പഞ്ചായത്തായിരുന്ന കാലത്ത് ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണു ബസ് ബേ നിർമിച്ചത്. ആധുനിക നിലവാരത്തിലുള്ള ബസ് ബേ എന്നതായിരുന്നു ലക്ഷ്യം. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജോസ് മോൻ മുണ്ടയ്ക്കലിന്റെ ശുപാർശ പ്രകാരമായിരുന്നു പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. 

എന്നാൽ ചില രാഷ്ട്രീയ പോരുകളെ തുടർന്നു തുടക്കം മുതൽ ബസ് ബേ വിവാദത്തിലാകുകയായിരുന്നു. അന്നു തുടങ്ങിയ അവഗണനയാണ് ഇന്നും തുടരുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ലൈറ്റ്, ഫാൻ, എന്നിവ സ്ഥാപിക്കുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇവയൊന്നും നടന്നില്ല. കാത്തിരിപ്പ് കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒട്ടേറെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. മണ്ഡലകാലമെത്തിയാൽ പ്രധാന ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് ആയിരങ്ങളാണ് ബസ് മാർഗം എത്തുന്നത്. ഇവരും ഈ കാത്തിരിപ്പുകേന്ദ്രത്തിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ മേൽക്കൂര തകർന്ന് കാത്തിരിപ്പുകേന്ദ്രം ചോർന്നൊലിക്കുകയാണ്. മേൽക്കൂരയിലെ ഇരുമ്പുപൈപ്പ് ഒടിഞ്ഞു തൂങ്ങി അപകടാവസ്ഥയിലാണ്. ഇതു വാഹനങ്ങളുടെ മുകളിൽ തട്ടി അപകടക്കെണിയൊരുക്കിയിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയിട്ടില്ല.  

മഴ പെയ്താൽ പ്രദേശത്തുള്ള തെരുവുനായ്ക്കളെല്ലാം കാത്തിരിപ്പ് കേന്ദ്രത്തിലെത്തും. ഇതോടെ യാത്രക്കാർ പുറത്തിറങ്ങി നിൽക്കേണ്ട അവസ്ഥയാണ്. ഇതിനിടയിലാണ് സാമൂഹിക വിരുദ്ധരും എത്തിയത്. ഇരുട്ടായതിനാൽ പരസ്യമായി മദ്യപിച്ചാലും പുക വലിച്ചാലും ആരും കാണില്ല. മുറുക്കിത്തുപ്പി കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറ വൃത്തികേടാക്കിയിരിക്കുകയാണ്.

മദ്യലഹരിയിൽ അസഭ്യ വർഷവും തമ്മിൽ തല്ലും പതിവാണ്. വിവസ്ത്രരായി കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്നതും കിടന്നുറങ്ങുന്നതുമാണ് മദ്യപരുടെ പ്രധാന പരിപാടിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ബസ് ബേയിൽ വെളിച്ചമെത്തിയാൽ സാമൂഹികവിരുദ്ധ ശല്യത്തിനു പരിഹാരമാകുമെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. എന്നാൽ ബന്ധപ്പെട്ടവർ കണ്ട ഭാവം നടിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com