‘ഈ മാതൃക ഇനി ഒരു റോഡിനോടും ചെയ്യല്ലേന്നു പറ സാറേ...’
Mail This Article
കുറവിലങ്ങാട് ∙ എംസി റോഡിന്റെ സമാന്തരപാതയായ കിടങ്ങൂർ – മംഗലത്താഴം കെ.ആർ.നാരായണൻ റോഡ് നവീകരണം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയിൽ സ്ഥാപിച്ചിട്ടുള്ള തുരുമ്പ് പിടിച്ച ബോർഡിൽ ‘മാതൃകാ റോഡ്, കോട്ടയം ജില്ലാ പൊലീസ്’ എന്നെഴുതിയിട്ടുണ്ട്. പക്ഷേ ‘മാതൃക’ ബോർഡിൽ മാത്രം ഒതുങ്ങുന്നു. താൽക്കാലിക അറ്റകുറ്റപ്പണി നടത്തി റോഡിലെ കുഴികൾ അടച്ചിട്ടുണ്ട്. കട്ടിങ് ഒഴിവാക്കുന്നതിനു ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ റോഡിന്റെ വീതി വർധിപ്പിക്കുന്നതും ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതും ഇപ്പോഴും ഉറപ്പുകളിൽ മാത്രം ഒതുങ്ങുന്നു.
∙ കോടികൾ മുടക്കി നവീകരിച്ച പാതയാണിത്. ആദ്യ നവീകരണത്തിനു ശേഷം പലവട്ടം അറ്റകുറ്റപ്പണി നടത്തി. പക്ഷേ അപകടവളവ് നിവർത്തുന്നതും വീതി വർധിപ്പിക്കുന്നതും അപകടസാധ്യതാ മേഖലകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതും ഇപ്പോഴും വാക്കിൽ മാത്രം ഒതുങ്ങുന്നു.
∙ ആദ്യകാലത്തെ രാജപാതയാണ് ഈ റോഡ്. പല സ്ഥലത്തും റോഡരികിൽ നൂറ്റാണ്ട് പഴക്കമുള്ള വൃക്ഷങ്ങൾ ഇപ്പോഴുമുണ്ട്. കിടങ്ങൂർ മുതൽ മംഗലത്താഴം വരെ പല സ്ഥലത്തും 2 ചെറിയ വാഹനങ്ങൾക്കു പോലും ഒരേ സമയം കടന്നുപോകാനുള്ള വീതിയില്ല. നവീകരണം നടപ്പാക്കിയപ്പോൾ വശങ്ങളിലെ പുറമ്പോക്ക് പോലും ഏറ്റെടുത്തില്ല.
∙ കിടങ്ങൂർ മുതൽ മംഗലത്താഴം വരെ 22 അപകട വളവുകളുണ്ട്. കടപ്ലാമറ്റം ടൗണിനു സമീപം ഉൾപ്പെടെ വളവുകളിൽ റോഡിന് ആവശ്യത്തിനു വീതിയില്ല. വളവ് നിവർത്താൻ പദ്ധതി തയാറാക്കുകയും സർവേ പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ തുടർനടപടി ഉണ്ടായില്ല. റോഡിന്റെ വശങ്ങളിലെ പുറമ്പോക്ക് ഏറ്റെടുക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ടു റവന്യു, പഞ്ചായത്ത് വിഭാഗങ്ങൾക്കു നിർദേശം നൽകിയിരുന്നു. പക്ഷേ പലവട്ടം സർവേ നടത്തിയ റോഡിലെ വളവുകൾ എന്നു നിവരുമെന്നാണു നാട്ടുകാർ ഇപ്പോൾ ചോദിക്കുന്നത്. അപകടവളവുകൾ നിവർത്താൻ 5 കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
∙ വശങ്ങളിലൂടെ സുരക്ഷിതമായി നടക്കാൻ സംവിധാനമില്ല.
∙ നെടുമ്പാശേരി – ചങ്ങനാശേരി നാലുവരിപ്പാത മുതൽ പല പദ്ധതികളും റോഡിന്റെ പേരിൽ പ്രഖ്യാപിച്ചു. ഹരിവരാസനം റോഡ് എന്ന പേരിൽ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനത്തിനപ്പുറം കാര്യമായി ഒന്നും നടന്നില്ല.
∙ മഴ പെയ്താൽ റോഡിന്റെ മിക്ക ഭാഗത്തും വെള്ളക്കെട്ടാണ്. ഈ പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടായിട്ടില്ല
∙ തെക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്താനുള്ള സമാന്തരപാതയാണിത്. അനേകം യാത്രക്കാർ ഉപയോഗിക്കുന്ന റോഡിന്റെ വീതിക്കുറവും അപകടവളവുകളും അപകടസാധ്യത വർധിപ്പിക്കുന്നു.
∙ സർക്കാർ പട്ടികയിൽ മാതൃകാ റോഡാണെങ്കിലും പഞ്ചായത്ത് റോഡിന്റെ വീതി പോലുമില്ല. വശങ്ങളിലെ കട്ടിങ്ങും വെള്ളക്കെട്ടും മൂലം യാത്ര ദുഷ്കരമാണ്. പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിച്ചു റോഡ് വീതി വർധിപ്പിക്കണം. പഴയ രാജപാത മെലിയുന്ന സ്ഥലങ്ങളിൽ സർവേ നടത്തണം. കിടങ്ങൂർ മുതൽ മംഗലത്താഴം വരെ 6 മീറ്റർ ടാറിങ് വീതി ഉറപ്പാക്കണം.