കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കോൺക്രീറ്റിങ് തകർന്നു; 2 വർഷം തികഞ്ഞില്ല: ടാറിങ് ‘സ്റ്റാൻഡ് വിട്ടു’
Mail This Article
കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റാൻഡ് കവാടത്തിലെ ടാറിങ്ങും കോൺക്രീറ്റിങ്ങുമാണു 2 വർഷം തികയും മുൻപേ തകർന്നു. ദേശീയപാതയിൽ നിന്നു ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗമാണു തകർന്നത്. ദിവസങ്ങളോളം ബസ് സ്റ്റാൻഡ് അടച്ചിട്ട് ചെയ്ത കോൺക്രീറ്റിങ്ങും ടാറിങ്ങുമാണു പൊളിഞ്ഞത്. ബസുകൾ ഇറങ്ങുന്ന വഴിയിലെ സ്ലാബുകൾ സ്ഥാപിച്ചിരുന്ന കോൺക്രീറ്റും തകർന്നു. കോൺക്രീറ്റ് ചെയ്ത ശേഷം അതിനു മുകളിലാണു ടാറിങ് നടത്തിയത്. മുകളിലത്തെ ടാറിങ്ങും അടിയിലെ കോൺക്രീറ്റിങ്ങും തകർന്നു. ഇതോടെ ബസുകളുടെ യാത്ര ബുദ്ധിമുട്ടായി. കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നു പോകാൻ കഴിയുന്ന ഭാഗമാണു കുഴികളായത്.
ഇതോടെ ഇവിടെ അപകട സാധ്യതയേറി. നിലവാരമില്ലാത്ത കോൺക്രീറ്റിങ്ങും ടാറിങ്ങും മഴക്കാലത്ത് റോഡിലൂടെയുള്ള വെള്ളമൊഴുക്കുമാണു കോൺക്രീറ്റിങ് തകരാൻ കാരണമെന്നാണ് ആക്ഷേപം. ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴക്കാലത്ത് ബസ് സ്റ്റാൻഡിൽ നിന്നുൾപ്പെടെയുള്ള വെള്ളം ഒഴുകിയെത്തി വഴിയരികിലും കെട്ടിടങ്ങൾക്ക് ഇടയിലുമായി കെട്ടിക്കിടക്കുകയാണെന്നും കൊതുകു ശല്യം രൂക്ഷമാണെന്നും വ്യാപാരികൾ പറയുന്നു.