ADVERTISEMENT

ഏറ്റുമാനൂർ∙ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനായി 6 വർഷങ്ങൾക്ക് മുൻപ് ‌അടച്ചു കെട്ടിയ നഗരസഭ കവാടം തുറന്നു കൊടുത്തു. ആദ്യ ഘട്ടത്തിൽ  നടപ്പാത മാത്രമാണ് തുറന്നു കൊടുക്കുന്നത്. പിന്നീട് ചെറു വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നു പോകുന്ന രീതിയിൽ സംവിധാനം ഒരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസഭ കവാടത്തിൽ കുന്നുകൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ഇതോടൊപ്പം റോഡ് നിരപ്പാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. നിയമക്കുരുക്ക് മൂലം ഷോപ്പിങ്  കോംപ്ലക്സ് നിർമാണം ഉടൻ നടക്കില്ലെന്ന് മനസ്സിലാക്കിയാണ് റോഡ് തുറന്നു കൊടുക്കാൻ നഗരസഭ തീരുമാനിച്ചത്. 

നഗരസഭയുടെ സ്വപ്ന പദ്ധതിയായിരുന്നു ഷോപ്പിങ് കോംപ്ലക്സ്. ഇതിനായാണ് നഗരസഭ കെട്ടിടത്തിനു സമീപത്തുള്ള ചിറക്കുളം ബസ് സ്റ്റാൻഡ് റോഡും അനുബന്ധ സ്ഥലവും അടച്ചുകെട്ടിയത്. ഏറ്റുമാനൂർ ടൗണിൽ നിന്നെത്തുന്ന വാഹനങ്ങൾ ഇതുവഴിയാണ് ബസ് സ്റ്റാൻഡ്, മാർക്കറ്റ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നത്. ഒട്ടേറെ യാത്രക്കാർക്കും ഈ റോഡിനെ ആശ്രയിച്ചിരുന്നു. ഷീറ്റ് ഉപയോഗിച്ച് ഭൂമി അടച്ചു കെട്ടിയതോടെ ബസ് സ്റ്റാൻഡിലേക്ക് എത്താൻ ആളുകൾക്ക് നഗരം ചുറ്റേണ്ട സാഹചര്യമായിരുന്നു. പദ്ധതിയുടെ ഭാഗമായി 18 പില്ലറുകൾക്ക് കോളം വാർത്തതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. ചെയ്ത വർക്കിന്റെ പണം കിട്ടാത്തതിനാൽ കരാറുകാരൻ പണി ഉപേക്ഷിച്ചുവെന്നാണു വിവരം. ഇതോടെ പ്രദേശം കാടുപിടിച്ചു.

വെറുതേ ഒരു അടച്ചുകെട്ടൽ; പ്രതിഷേധങ്ങൾക്കൊടുവിൽ നടപടി
നഗരത്തിന്റെ കണ്ണായ സ്ഥലം കാടു കയറിയതോടെ ഇഴജന്തുക്കളുടെ താവളമായി മാറി. കൂടാതെ നഗരത്തിലെ മാലിന്യങ്ങളെല്ലാം തള്ള‌ുന്നതും ഇവിടെയായിരുന്നു. ഇത്തവണത്തെ വാർഷിക പദ്ധതിയിൽ പോലും ഷോപ്പിങ് കോംപ്ലക്സിനു തുക വകയിരുത്തിയില്ല. ഇതോടെ പദ്ധതി നടക്കാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും ഏറ്റുമാനൂർ ജനകീയ വികസന സമിതിയുമെല്ലാം പ്രതിഷേധവുമായി രംഗത്തു വന്നു. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കെട്ടിയടച്ച സ്ഥലം തുറന്നു കൊടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.  ഒടുവിൽ  ഈ ആവശ്യം നഗരസഭ അംഗീകരിക്കുകയായിരുന്നു. 

ഇതേസമയം, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. ഇപ്പോൾ സഞ്ചാരത്തിനായാണ് ഒരു ഭാഗം പൊളിച്ചു നീക്കുന്നതെന്നും മുഴുവനായി പൊളിക്കില്ലെന്നുമാണ് നഗരസഭ പറയുന്നത്. അടച്ചുകെട്ടിയ സ്ഥലത്തെ മാലിന്യം നീക്കാതെ റോഡ് തുറക്കരുതെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ തുടർന്നാണ് മുഴുവൻ മാലിന്യവും അടിയന്തരമായി നീക്കുവാൻ കഴിഞ്ഞ നഗരസഭാ കൗൺസിൽ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com