ADVERTISEMENT

ചങ്ങനാശേരി ∙ പേരിൽ മാത്രം ദേശീയപാത. നവീകരണത്തിലെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ? കോട്ടയത്തു നിന്ന് ചങ്ങനാശേരിയിലേക്ക് എംസി റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരോട്, നിങ്ങൾ ഇപ്പോൾ കടന്നു പോകുന്നത് ഒരു ദേശീയപാതയിലൂടെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ !.. അത്രയ്ക്കും പരിതാപകരമാണ് റോഡിന്റെ പലയിടങ്ങളിലെയും അവസ്ഥ. 

ദേശീയപാതയായ എംസി റോഡിന്റെ നവീകരണ പ്രവർത്തനം ഉടനെ ആരംഭിക്കുമെന്ന വാർത്ത അൽപം ആശ്വാസം പകരുന്നുണ്ടെങ്കിലും റോ‍ഡിന്റെ വീതികൂട്ടൽ, അപകടവളവ് നിവർത്തൽ ഉൾ‌പ്പെടെയുള്ള കാര്യങ്ങൾ ഈ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. സമീപ ജില്ലകളിലൂടെ നാല്‌ വരിയും ആറ് വരിയും ദേശീയപാതകൾ കടന്നു വരുമ്പോഴാണ് നമ്മുടെ രണ്ട്‌ വരി പാതയിലൂടെ പതിനായിരക്കണക്കിന് വാഹനങ്ങൾ തിങ്ങിഞെരുങ്ങി പോകുന്നത്. ടാറിങ് നടത്തിയുള്ള ന‌വീകരണം മാത്രമല്ല എംസി റോഡിന്റെ വികസനത്തിനായി ബൃഹദ് പദ്ധതി വേണമെന്ന ആവശ്യവും ശക്തമാകുന്നു.

കയ്യേറ്റം തകൃതി
റോഡരികിലെ കയ്യേറ്റങ്ങൾ പരിധി ലംഘിച്ചിട്ടും ചോദിക്കാനും പറയാനും ആരുമില്ല. കുറിച്ചി, തുരുത്തി, കണ്ണമ്പേരൂർ പാലത്തിനു സമീപം, പെരുന്ന, ളായിക്കാട് ഭാഗങ്ങളിൽ കയ്യേറ്റം വ്യാപകമാണ്. മുൻപ് താൽക്കാലിക ഷെഡ് കെട്ടിയായിരുന്നു കച്ചവടമെങ്കിൽ ഇന്ന് റോഡരികിൽ സ്ഥിരം സംവിധാനം നിർമിച്ചാണ് കച്ചവടം. അപകടമേഖലയെന്ന് ദേശീയപാത അതോറിറ്റിയും പൊലീസും പറഞ്ഞയിടങ്ങളിൽ റോഡിലാണ് വഴിയോരക്കച്ചവടം. കണ്ണമ്പേരൂർ പാലത്തിന് സമീപം എംസി റോഡിലാണ് പിക്കപ് വാഹനങ്ങളിലെത്തിക്കുന്ന മീൻ ലോഡുകൾ ഇറക്കി തരംതിരിച്ചു മാറ്റുന്നത്. രാവിലെയും വൈകിട്ടും പതിവു കാഴ്ചയാണിത്. റോഡിലെ കച്ചവടക്കാരുടെ ബഹളം കാരണം ഗതാഗതക്കുരുക്കും അപകടവും ഈ മേഖലയിൽ പതിവാണ്. 

അലക്ഷ്യമായി പിക്കപ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടമുണ്ടാക്കുന്നു. സമീപത്തെ വർക്‌ഷോപ്പിലെ വാഹനങ്ങളും റോഡരികിലാണ് സ്ഥിരമായി പാർക്ക് ചെയ്തിരിക്കുന്നത്. കാൽനടയാത്ര പോലും അസാധ്യമാണ്. കടയും സാധനങ്ങളും ശ്രദ്ധയിൽപെടാൻ റോഡിൽ പരസ്യബോർഡുകളും സാധനങ്ങൾ ഇറക്കി വയ്ക്കുന്നതും ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു. എംസി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിയിലായിരുന്നപ്പോൾ ഇത്രയും കയ്യേറ്റമില്ലായിരുന്നു. ദേശീയപാത കൊല്ലം ഡിവിഷന്റെ കീഴിലാണ് ഇപ്പോൾ ‌റോഡ്. ഉദ്യോഗസ്ഥർ കൊല്ലത്തു നിന്നെത്തി പരിശോധന നടത്തുന്നത് അപൂർവമായതിനാൽ കയ്യേറ്റക്കാർക്കും ഗുണമാണ്.

അപകടം ഒഴിവാക്കണം
പാലാത്ര ബൈപാസ്, ളായിക്കാട് ബൈപാസ്, കൈനടി–കാവാലം റോഡ്, വാലടി റോഡ്, വാഴൂർ റോഡ്, ചങ്ങനാശേരി മാർക്കറ്റ് റോഡ് തുടങ്ങി പ്രധാന റോഡുകളും എണ്ണിയാൽ തീരാത്ത അത്രയും ഇടറോഡുകളും എംസി റോഡിലേക്ക് വന്നുചേരുന്നുണ്ട്. എന്നാൽ ഇവിടങ്ങളിൽ മതിയായ മുന്നറിയിപ്പ്, സൂചന ബോർഡുകളില്ല. കാലായിപ്പടി, മതുമൂല, കുറിച്ചി ഭാഗങ്ങളിലെ അപകടവളവും യാത്രക്കാർക്ക് കെണിയൊരുക്കുന്നു. അശാസ്ത്രീയമായ അപകടവളവുകൾ നിവർത്തണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. തുരുത്തി മുതൽ ളായിക്കാട് വരെയുള്ള ഭാഗം അപകടങ്ങൾ വർധിച്ച ബ്ലാക്ക് സ്പോട്ട് മേഖലയാണ്. റോഡ് നവീകരണത്തിൽ ഈ ഭാഗത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

കാത്തിരിപ്പ് കേന്ദ്രം
പലയിടത്തും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ഉള്ളതാകട്ടെ യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത രീതിയിൽ കാടു കയറിയും വാഹനങ്ങൾ ഇടിച്ചും നശിച്ച നിലയിലാണ്. വെയിലും മഴയുമേറ്റ് ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മതിയായ സൗകര്യങ്ങളടങ്ങിയ കാത്തിരിപ്പ് കേന്ദ്രം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com