ADVERTISEMENT

എരുമേലി ∙ പമ്പാനദിയെ വിഴുങ്ങിയ പ്രളയത്തിൽ അയ്യപ്പനു പൂജയ്ക്കുള്ള കതിർക്കറ്റകളുമായി മലവെളളത്തെ അതിജീവിച്ച് ത്രിവേണി നീന്തിക്കയറിയ നിയോഗം ലഭിച്ചതിന്റെ ഓർമ പുതുക്കലിലാണു കണമല സ്വദേശികളായ ബിനുവും ജോബിയും. ഇന്നു പുലർച്ചെയാണു ശബരിമലയിൽ ഈ വർഷത്തെ നിറപുത്തരിച്ചടങ്ങു നടക്കുന്നത്. പമ്പയെ പ്രളയം വിഴുങ്ങിയ 2018ൽ ശബരിമലയിലെ നിറപുത്തരിച്ചടങ്ങ് ഭംഗം വരാതെ നടക്കാനായിട്ടാണു സ്വന്തം ജീവൻ പോലും അവഗണിച്ച് ശബരീശപൂജയ്ക്കുള്ള കതിർക്കറ്റ നെഞ്ചോടു ചേർത്തുനീന്തിക്കയറിയത്. 

ഓഗസ്റ്റ് 14നു പമ്പയിലേക്കു പിക്കപ് ജീപ്പിൽ ഓട്ടം പോയതാണു ബിനുവും ജോബിയും. ഇവിടെ എത്തിയപ്പോഴാണു പ്രളയം ഉണ്ടായത്.  പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണു പമ്പയിലുള്ളത്. ഈ സമയത്തു പിറ്റേന്ന് ശബരീശ സന്നിധിയിൽ പൂജിക്കാനുള്ള കതിർക്കറ്റയുമായി ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ പ്രേംജി എത്തി.  എന്നാൽ കരകൾ മുങ്ങി ഒഴുകുന്ന പമ്പയിലെ പ്രളയജലം മറികടന്നു കതിർക്കറ്റകൾ സന്നിധാനത്ത് എത്തിക്കുക എന്നതു ചിന്തിക്കാൻ പോലും കഴിയാത്ത അത്ര അപകടം നിറഞ്ഞതായിരുന്നു. 

പമ്പയിൽ നിന്നു സന്നിധാനത്തേക്കു പതിവായി ട്രാക്ടർ ഓടിക്കാൻ എത്തുന്നതിനാൽ ദേവസ്വം ബോർഡ് അസി. എൻജിനീയർക്കു ബിനുവിനെയും ജോബിനെയും മുൻപരിചയമുണ്ടായിരുന്നു. ‘‘ഈ കതിർക്കറ്റകൾ ഇന്നു സന്നിധാനത്ത് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ പുലർച്ചെ ശബരിമലയിലെ നിറപുത്തരിച്ചടങ്ങ് മുടങ്ങും എന്നു സങ്കടത്തോടെയാണു ഉദ്യോഗസ്ഥർ പറ‍ഞ്ഞത്. പമ്പാനദിയെയും പ്രളയജലത്തെയും അറിഞ്ഞു വളർന്നതിനാൽ ബിനുവും ജോബിയും ഈ ദൗത്യം ധൈര്യത്തോടെ ഏറ്റെടുത്തു. 

കലങ്ങിമറഞ്ഞ് ഒഴുകുന്ന പമ്പയിലേക്ക് ഇരുവരും കതിർക്കറ്റയുമായി ചാടി മറുകരയിലെത്തി. കതിർക്കറ്റകൾ കൈമാറുകയും പ്രളയത്തിൽ കുടുങ്ങിയ 8 പേരെ രക്ഷിക്കുകയും ചെയ്ത സംഭവം ആറാട്ടുകയം പാലമൂട്ടിൽ പി.എൻ ബിനു(41)വും മൂക്കൻപെട്ടി ഇടമണ്ണിൽ ഇ.കെ.ജോബി(40)യും പറയുന്നത് ഇപ്രകാരമാണ്:നീന്തിത്തുടങ്ങിയപ്പോഴാണു പ്രളയജലത്തിന്റെ കരുത്തു പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നു മനസ്സിലാക്കിയത്. നീന്തി കൈ കുഴഞ്ഞ ഒരു ഘട്ടത്തിൽ നീന്തി മറുകര എത്താൻ കഴിയില്ലെന്നു പോലും തോന്നി.  ഇരുവരും അയ്യപ്പനെ മനസ്സിൽ ധ്യാനിച്ചു വീണ്ടും നീന്തി ഒരു തരത്തിൽ മറുകരയെത്തി. 

മറുകരയിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ വേഗം കതിർക്കറ്റകൾ കൊടുത്തയച്ചു. ഈ സമയത്താണു ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ പമ്പാനദിക്കരയിലെ കെട്ടിടങ്ങൾ കണ്ടത്. കെട്ടിടങ്ങൾക്കു മുകളിൽ കുടുങ്ങിയ ഒട്ടേറെ പേരുടെ കരച്ചിലുകൾ, ഒഴുകിപ്പോകുന്ന ട്രാക്ടറുകൾ എല്ലാം നടുക്കുന്ന കാഴ്ചകളായിരുന്നു.  ഉയർന്ന‌ കെട്ടിടങ്ങളുടെ മുകളിൽ കുടങ്ങിയ 8 പേരെ ഇരുവരും ചേർന്നു വടം കെട്ടി രക്ഷിച്ച് താഴെ എത്തിച്ചു. ഒഴുകിനടന്ന ട്രാക്ടറുകൾ വടം ഉപയോഗിച്ചു വലിയ മരത്തിലും കെട്ടിടത്തിന്റെ തൂണുകളിലുമായി കെട്ടിയിട്ടു. ഇതിനു ശേഷം പമ്പയിൽ വിശ്രമിച്ച് പിറ്റേന്നു വെള്ളം കുറയുമ്പോൾ മറുകരയിൽ നീന്തി എത്താം എന്നാണു പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ പാഴാക്കി മഴ വീണ്ടും കനക്കുകയും പ്രളയജലത്തിന്റെ വരവ് ഭയാനകമായ വിധമാകുകയും ചെയ്തു. 

ഇതോടെ മറുകരയിലേക്കു നീന്തിയെത്താൻ കഴിയില്ലെന്നു ബോധ്യപ്പെട്ടു. തുടർന്നു കെട്ടിടത്തിന്റെ മുകളിൽ നിന്നു രക്ഷിച്ചവരെയും കൂട്ടി പുല്ലുമേടു വഴി വനത്തിലൂടെ യാത്ര ആരംഭിച്ചു. അതീവ ദുഷ്കരമായി യാത്ര ചെയ്തു വനം വകുപ്പ് ഓഫിസിലെത്തി. ഏറെ ദുർഘടം പിടിച്ച വഴിയിലൂടെ നടന്ന് വണ്ടിപ്പെരിയാറിലെത്തി. ഈ സമയം മുണ്ടക്കയത്തേക്കു കെഎസ്ആർടിസി ബസ് കിട്ടി. ഇവിടെ നിന്നു വണ്ടി പിടിച്ച് അട്ടത്തോട് വഴി കണമലയിലെത്തി. ഈ സമയം പ്രളയം കണമല മേഖലയെയും ബാധിച്ചിരുന്നു. പ്രളയത്തെ അതിജീവിച്ചും ജീവൻ അവഗണിച്ചും ശബരീശന്റെ പൂജയ്ക്കു കതിർക്കറ്റകൾ എത്തിച്ച ഇരുവർക്കും ദേവസ്വം ബോർഡ് ജോലി നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതു പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com