ADVERTISEMENT

കുറവിലങ്ങാട് ∙കുര്യനാട് ഇടത്തനാൽ വീട്ടിൽ വീണ്ടും കാർഷിക പുരസ്കാരത്തിന്റെ ഹരിത ശോഭ. കാർഷിക മേഖലയിലും കന്നുകാലി വളർത്തലിലും വൈവിധ്യത്തിന്റെ വഴി കണ്ടെത്തിയ രശ്മി മാത്യുവിനെ തേടി ഇത്തവണ എത്തിയത് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ മികച്ച ജൈവ കർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം.  കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന്റെ ഗോപാൽരത്ന പുരസ്കാരം ഉൾപ്പെടെ ലഭിച്ച രശ്മിയുടെ വീടും പുരയിടവും ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. മകളുടെ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ടു പോളണ്ടിലാണ് രശ്മിയും കുടുംബവും ഇപ്പോൾ.

രശ്മിയുടെ ഫാമിൽ 26 ഇനം നാടൻപശുക്കളുണ്ട്. രണ്ടര ഏക്കറിലാണു ജൈവക്കൃഷി. നൂറിലധികം തെങ്ങ്,ജാതിമരം,പച്ചക്കറികൾ,ഫലവൃക്ഷങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ജൈവക്കൃഷിയുടെ അടിസ്ഥാനം നാടൻ പശുവളർത്തലാണെന്നു രശ്മി പറയുന്നു.  പശുക്കളുടെ ചാണകവും മൂത്രവുമാണ് ഓരോ സസ്യത്തിന്റെയും അടിസ്ഥാനവളം. ഇതിനൊപ്പം മണ്ണിര കംപോസ്റ്റും ജൈവവളവും ഉപയോഗിക്കുന്നു. ബയോഗ്യാസ് ഉൾപ്പെടെ സംവിധാനങ്ങളും ഉണ്ട്. നാടൻപശുക്കൾ എത്തിയത് 10 സംസ്ഥാനങ്ങളിൽനിന്ന്. ഇന്ത്യയിൽ ആകെ 40 ഇനം നാടൻ പശുക്കളെയാണ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഇതിൽ 26 ഇനങ്ങളും ഇവിടെയുണ്ട്; വെച്ചൂർ പശു ഉൾപ്പെടെ.  രാജസ്ഥാൻ, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള താർ പാർക്കർ,റാത്തി,സഹിവാൾ, ഡിയോനി, കൃഷ്ണ മാലി, പൊങ്കാനൂർ, ഹള്ളിഗർ, കങ്കരേജ്, വെച്ചൂർ, കാസർകോട്, ഗിർ, രാഖി തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്. ഐക്യരാഷ്ട്ര സംഘടനയിൽ 2 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ശേഷം നാട്ടിലെത്തി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സണ്ണിയും ഭാര്യ രശ്മിയും  നാടൻപശുക്കളുടെ വിവിധ ഇനങ്ങളെ അന്യം നിന്നുപോകാതെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നു രശ്മി പറയുന്നു.

ഇതിലൂടെ ജൈവകൃഷി മേഖലയിലും കൂടുതൽ ശ്രദ്ധിക്കാനായി. നാടൻ പശുക്കളുടെ പാലിനു സ്വാദും ഔഷധഗുണവും കൂടുതൽ. ഒരു ലീറ്റർ പാലിനു 120 രൂപയാണ് വില. ചാണകത്തിനും മൂത്രത്തിനും ഔഷധഗുണം ഉള്ളതിനാൽ അതിനും ആവശ്യക്കാരേറെ. രാസവസ്തുക്കൾ ചേർന്ന ഒരു തീറ്റയും നാടൻ പശുക്കൾക്കു നൽകാറില്ല. രശ്മിയുടെ ഫാമിൽനിന്നു പാൽ, തൈര്,നെയ്യ്, ചാണകം എന്നിവ ഇതരസംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. ജൈവ പച്ചക്കറി, ആട്,കോഴി,മത്സ്യക്കൃഷിയും ഇവരുടെ ഫാമിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com