കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 17,18 തീയതികളിൽ ഓറഞ്ച് അലെർട്ട്; ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം
Mail This Article
കോട്ടയം∙ ജില്ലയിൽ ഇന്നും നാളെയും ( ശനി, ഞായർ– ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലർത്തണം. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര നിരോധിച്ചു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 വരെയാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിരോധനങ്ങളോട് എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.