മണർകാട് പഞ്ചായത്തിന്റെ സൗജന്യ സിവിൽ സർവീസ് കോച്ചിങ് ഉദ്ഘാടനം ചെയ്തു
Mail This Article
കോട്ടയം∙ മണർകാട് പഞ്ചായത്തിന്റെ കനവ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സൗജന്യ സിവിൽ സർവീസ് കോച്ചിങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. മാതൃകാപരമായ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പേരിലുള്ള അഭിനന്ദനം നേർന്ന മന്ത്രി, കുട്ടികളോടും മാതാപിതാക്കളോടും സംവദിച്ചാണ് മടങ്ങിയത്.
മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. സിവിൽ സർവീസിനെക്കുറിച്ചും പരീക്ഷയെക്കുറിച്ചും കോട്ടയം സിവിൽ സർവീസ് അക്കാദമിയിലെ പ്രധാന അധ്യാപകൻ രാഹുൽ ക്ലാസ് എടുത്തു.
എല്ലാ ഞാറാഴ്ചകളിലും ഉച്ചയ്ക്ക് 2.30 മുതൽ 05.30 വരെ പഞ്ചായത്തു ഹാളിലാകും കോച്ചിങ് നടക്കുകയെന്നു കനവ് പദ്ധതി കോർഡിനേറ്ററും 14–ാം വാർഡ് മെമ്പറുമായ ജാക്‌സൺ മാത്യു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോൺ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഫിലിപ്പ് കിഴക്കേപറമ്പിൽ, മെമ്പർ ജിജി മണർകാട് എന്നിവർ ആശംസ നേർന്നു.