മുന്നൊരുക്കങ്ങൾ പാളി, ഏറ്റുമാനൂർ വീണ്ടും വെള്ളക്കെട്ടിൽ
Mail This Article
ഏറ്റുമാനൂർ∙ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ പാളിയതോടെ ഏറ്റുമാനൂർ നഗരം വീണ്ടും വെള്ളക്കെട്ടിൽ. പേരൂർ കവല, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വില്ലേജ് ഓഫിസിനു മുൻവശം, പാറേക്കണ്ടം, തവളക്കുഴി തുടങ്ങിയ പ്രദേശത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ രണ്ടര അടിയോളം ഉയരത്തിലാണ് പേരൂർ കവലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. പ്രദേശത്തെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്ന സാഹചര്യവും ഉണ്ടായി. തവളക്കുഴിയിലും വില്ലേജ് ഓഫിസിനു മുന്നിലും ചെറു മഴയത്ത് പോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്.
ഓടയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെട്ടതാണ് അപ്രതീക്ഷിത വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നത്. വെള്ളം ഒഴുകി മാറാൻ താമസം നേരിടുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കട്ടച്ചിറ വരെയുള്ള റോഡിൽ പലയിടത്തും വെള്ളം കയറുന്നത് പതിവായി. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വർഷം പേരൂർ കവല ഭാഗത്ത് നിന്നും മാത്രം ഓടകളിൽ നിന്നും ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് നഗരസഭ നീക്കം ചെയ്തത്. മറ്റു സ്ഥലങ്ങളിൽ മാലിന്യങ്ങൾ ഓടയിലേക്ക് തള്ളുകയും ഇവ പേരൂർ കവല ഭാഗത്ത് അടിഞ്ഞു കൂടുകയും ചെയ്യുന്നതാണ് വെള്ളക്കെട്ടിനു കാരണമായി നഗരസഭ അധികൃതർ പറയുന്നത്. മുൻ വർഷത്തെ പോലെ സ്ലാബുകൾ നീക്കി ഓടയിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
ഓടയിലെ മാലിന്യം പണിയും മുടക്കി
വർഷങ്ങൾ നീണ്ട പരാതിക്കും കാത്തിരിപ്പുകൾക്കും ശേഷമാണ് കോണിക്കൽ ഭാഗത്തെ ഇടിഞ്ഞു പോയ ഓട നിർമിക്കാൻ പൊതുമരാമത്ത് അധികൃതർ തയാറായത്. മന്ത്രി വി.എൻ.വാസവൻ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് നിർമാണം. പണികൾ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥ ഓടയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ മൂലം പണി നടത്താൻ കഴിയുന്നില്ലെന്നായിരുന്നു പൊതുമരാമത്ത് അധികൃതർ പറഞ്ഞിരുന്നത്.
മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഓരോ ദിവസവും മണിക്കൂറുകൾ ചെലവഴിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഓട നിർമാണം നടത്തിയിരുന്നത്. ഏറ്റുമാനൂർ മാർക്കറ്റ് ഭാഗത്തു നിന്നാണ് മാലിന്യങ്ങൾ കൂടുതലായി എത്തുന്നത്. ഇപ്പോൾ മഴയെത്തിയതോടെ പണികൾ വീണ്ടും വൈകാൻ കാരണമായി. നിർമാണം വൈകുന്നത് മൂലം കോൺക്രീറ്റ് ചെയ്യാനായി ഓടയിൽ സ്ഥാപിച്ചിരുന്ന കമ്പികൾ തുരുമ്പെടുത്തു തുടങ്ങിയെന്നാണ് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നത്.