114 സിനിമകളിൽ പ്രവർത്തിച്ചു, അവാർഡ് ആദ്യം; മകൾ പിറന്ന സന്തോഷത്തിനൊപ്പം പുരസ്കാരവും
Mail This Article
കല്ലറ ∙ മകൾ പിറന്ന സന്തോഷത്തിന് പിന്നാലെ ലഭിച്ച അവാർഡ് അപ്രതീക്ഷിതമെന്ന് ശരത് മോഹൻ. സിനിമയിലെ ശബ്ദ മിശ്രണത്തിന് സംസ്ഥാന അവാർഡ് നേടിയ കല്ലറ സ്വദേശി ശരത് മോഹന് കുഞ്ഞ് പിറന്നത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. മകൾക്ക് പേരിട്ടത് ധ്വനി എന്നാണ്. 114 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അവാർഡ് കിട്ടുന്നത് ആദ്യമാണ്. അത് മലയാളത്തിൽ നിന്നായതിൽ വളരെ സന്തോഷമെന്നും ശരത് മോഹൻ പറഞ്ഞു.
കോട്ടയം കല്ലറ കോമള വിലാസം മോഹനന്റെയും ശാരദയുടെയും മകനാണ് ശരത് മോഹൻ. പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ ശബ്ദ മിശ്രണത്തിനാണ് ശരത് മോഹന് സംസ്ഥാന അവാർഡ് ലഭിച്ചത്. ചെറുപ്പം മുതൽ പാട്ടു പഠിച്ചിരുന്നു. കോട്ടയം സിഎംഎസ് കോളജിലെ ഡിഗ്രി പഠന കാലത്ത് കർണാടക സംഗീതം പഠിക്കാൻ സംഗീത സംവിധായകൻ ജെയ്സൻ ജെ. നായരുടെ സ്ഥാപനമായ മോക്ഷയിലെത്തിയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചതെന്ന് ശരത് മോഹൻ പറയുന്നു. 2008 ൽ ജെയ്സൻ ജെ.നായരുടെ നിർദേശപ്രകാരം തൃശൂർ ചേതന സ്റ്റുഡിയോയിൽ ശബ്ദമിശ്രണ കോഴ്സിനു ചേർന്നു. പിന്നീട് മുംബൈയിൽ എത്തി. 2010 മുതൽ മുംബൈ കേന്ദ്രീകരിച്ചാണ് സിനിമയിൽ പ്രവർത്തിക്കുന്നത്. ദേശീയ പുരസ്കാര ജേതാക്കളായ സിനോയ് ജോസഫ്, ജസ്റ്റിൻ ജോസ് എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ബാഹുബലി സിനിമയിൽ അസോസിയറ്റ് മിക്സ് എൻജിനീയറായി ജോലി ചെയ്തു. എ.ആർ.റഹ്നോടൊപ്പം മോഹൻ ജദാരെ, സച്ചിൻ എന്നീ സിനിമകളിൽ പ്രവർത്തിച്ചു. ആദ്യമായി സ്വതന്ത്രമായി ശബ്ദ മിശ്രണം ചെയ്ത സിനിമയാണ് ആടു ജീവിതം. ആടു ജീവിതത്തിലെ പെരിയോനെ എന്ന ഗാനം മരുഭൂമിയിലെ അകലങ്ങളിൽ നിന്നു കേൾക്കുന്ന വിധം മിക്സ് ചെയ്തത് ശ്രമകരമായിരുന്നു. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. രണ്ട് വർക്കുകൾ നെറ്റ് ഫ്ലെക്സിൽ റിലീസ് ചെയ്തു. ഒരു ഡോക്യുമെന്ററിയുടെ ജോലി പൂർത്തിയാകുകയാണ്. അത് ഉടൻ റിലീസ് ചെയ്യും. ചെന്നൈയിൽ ഡേറ്റാ അനലിസ്റ്റായ ശിൽപയാണ് ശരത് മോഹന്റെ ഭാര്യ.