ADVERTISEMENT

പാമ്പാടി ∙ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയവർക്കു സഹായഹസ്തവുമായി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പോത്തുകൽ മുണ്ടേരി ഉൾവനത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്കാണ് സഹായവുമായി വിദ്യാർഥികളെത്തിയത്. വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യക്കിറ്റുകളും ഗൃഹോപകരണങ്ങളും തൊഴിലുപകരണങ്ങളും അടങ്ങുന്നവ‌ ഇനി മുണ്ടേരിയിലെ കുടുംബങ്ങൾക്ക് ആശ്വാസമാകും. 

നേരത്തേ ഉരുൾപൊട്ടലിൽ തകർന്ന വയനാടിനും സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സഹായമെത്തിച്ചിരുന്നു. ഇതിനിടയിലാണ് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ മുണ്ടേരിയിലെ ആദിവാസികൾ ചാലിയാറിൽ നിന്നു സാഹസികമായി കണ്ടെടുത്തതു വിദ്യാർഥികളുടെ ശ്രദ്ധയിൽപെട്ടത്. ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കിയതോടെ വിമലാംബിക സ്കൂളിലെ വിദ്യാർഥികൾ ഉൾവനം കയറുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥികളായ ബിബിൻ ബിജു, ജോഹൻ ജിത് എന്നിവരിൽ നിന്ന് സഹായം ഏറ്റുവാങ്ങി നിലമ്പൂർ വനം നോർത്ത് ഡിഎഫ്ഒ പി.കാർത്തിക് പരിപാടി ഉദ്ഘാടനം ചെയ്തു. 

പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. പ്രദീപ് വാഴത്തറമലയിൽ, വൈസ് പ്രിൻസിപ്പൽ എ.ജെ.അഗസ്റ്റിൻ, പിടിഎ പ്രതിനിധികളായ ഷിൻസ് പീറ്റർ, സുബിൻ നെടുംപുറം, പൊതുപ്രവർത്തകരായ ഹാരിസ് ബാബു ചാലിയാർ, ലിബിൻ പായിക്കാടൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.എൻ.കവിത, തങ്ക കൃഷ്ണ, കെ.ഷെറഫനിസ എന്നിവർ വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com