പാട്ടും നൃത്തവും ഉറിയടിയും; ഉണ്ണിക്കണ്ണൻമാരും ഗോപസ്ത്രീകളും വീഥികളിൽ നിരന്നു: സർവം കൃഷ്ണമയം
Mail This Article
കോട്ടയം ∙ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ ശോഭായാത്രയിൽ ശ്രീകൃഷ്ണ അവതാരത്തിന്റെ നിശ്ചലദൃശ്യങ്ങളും ഉണ്ണിക്കണ്ണൻമാരും ഗോപസ്ത്രീകളും വീഥികളിൽ നിരന്നു. പാട്ടും നൃത്തവും ഉറിയടിയും... മക്കളെ മഞ്ഞപ്പട്ടണിയിച്ച് അരയിൽ കിങ്ങിണിയും നെറുകയിൽ മയിൽപ്പീലിയും ചാർത്തി കൃഷ്ണവേഷത്തിൽ എത്തിച്ച് അമ്മമാർ. ഉറിയടിക്കുന്ന കണ്ണൻ, നൃത്തമാടുന്ന കണ്ണൻ, കുറുമ്പ് കാട്ടുന്ന കണ്ണൻ...സർവം കൃഷ്ണമയം.
‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’ എന്ന സന്ദേശം ഉയർത്തി ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ശോഭായാത്രകൾ. ജില്ലയിൽ 1300 ആഘോഷങ്ങളിലായി 3500 സ്ഥലങ്ങളിൽ ശോഭായാത്ര നടത്തി. ശോഭായാത്ര തുടങ്ങിയ കേന്ദ്രങ്ങളിൽ വയനാട് ദുരന്ത ബാധിതർക്കായി അനുസ്‌മരണവും പ്രാർഥനയും നടത്തി. സ്നേഹനിധി സമർപ്പണവും നടന്നു.
വിവിധ കേന്ദ്രങ്ങളിൽ സ്വാഗത സംഘം ഭാരവാഹികളായ ഡോ.എൻ.ഉണ്ണിക്കൃഷ്‌ണൻ, കെ.എൻ. സജികുമാർ, ഡോ. ഗോപിനാഥപിള്ള, മീനടം ഉണ്ണിക്കൃഷ്‌ണൻ, എം.ആർ.അജിത്, ഡോ. അനിൽ രാഘവൻ, ഡോ.ടി.കെ.ജയകുമാർ, വി.എസ്.മധുസൂദനൻ, മനുകൃഷ്‌ണ, രശ്‌മി സുരേഷ്,പി.ആർ. സജീവ്, സി.എൻ പുരുഷോത്തമൻ, കെ.ജി.രഞ്ജിത്, പാർവതി മുരളി, എസ്.ശ്രീജിത്ത്, പി.സി.ഗിരീഷ് കുമാർ, ബിജു കൊല്ലപ്പള്ളി, പി.എൻ.സുരേന്ദ്രൻ, കെ.എസ്.ശശിധരൻ, ശ്രീകല പ്രമോദ്, ഗീത ബിജു തുടങ്ങിയവർ സന്ദേശം നൽകി. ലഹരിക്കെതിരെ സമൂഹപ്രതിജ്ഞയെടുത്തു.