വൈക്കം നഗരം കീഴടക്കി തെരുവുനായ്ക്കൾ; പുലർച്ചെ ക്ഷേത്രദർശനത്തിന് പോകുന്നവർ ഭീതിയിൽ
Mail This Article
വൈക്കം ∙ തെരുവുനായ ശല്യം രൂക്ഷം, ഭയന്നു വിറച്ച് ജനം. മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലും സമീപ പ്രദേശങ്ങളിലുമാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പുലർച്ചെ പത്രവിതരണത്തിനു പോകുന്നവരുടെ നേർക്ക് കൂട്ടമായി എത്തുന്ന നായ്ക്കൾ കുരച്ച് അടുക്കുന്നത് പതിവാണ്. വണ്ടിയിൽ കൊണ്ടുവന്ന് ഇറക്കിയിടുന്ന പത്രക്കെട്ടുകൾ കടിച്ചു കീറി നശിപ്പിക്കുന്നതായും ഏജന്റുമാർ പറയുന്നു. പുലർച്ചെ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനു പോകുന്നവരുടെ നേർക്കും നായ്ക്കൾ കൂട്ടത്തോടെ കുരച്ചടുക്കാറുണ്ട്. മുടങ്ങാതെ ക്ഷേത്ര ദർശനം നടത്തിയിരുന്ന പലരും നായ്ക്കളെ ഭയന്ന് നിർമാല്യ ദർശനം ഉപേക്ഷിച്ചു.
തെരുവോരങ്ങളിൽ മാലിന്യമായും മറ്റും ഭക്ഷണം ലഭിക്കുന്നതാണ് ഇത്രയധികം നായ്ക്കൾ നഗരത്തിൽ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പത്തോളം നായ്ക്കൾ കൂട്ടമായാണ് യാത്രക്കാരുടെ നേർക്ക് കുരച്ചടുക്കുന്നത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ പിന്നാലെ നായ്ക്കൾ ആക്രമിക്കാൻ ഓടുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകാറുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. വൈക്കം ലിങ്ക് റോഡ്, ബസ് സ്റ്റാൻഡ്, ആറാട്ടുകുളം, വലിയ കവല തുടങ്ങിയ സ്ഥലങ്ങളിലും നായശല്യം രൂക്ഷമാണ്.