വേമ്പനാട്ടുകായലിൽ പോളയും പായലും; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
Mail This Article
വൈക്കം ∙ വേമ്പനാട്ടുകായലിൽ പോളയും പായലും; മത്സ്യ തൊഴിലാളികൾ ദുരിതത്തിൽ. കാറ്റ് ശക്തമായതോടെ രണ്ടാഴ്ചയോളമായി കുട്ടനാടൻ മേഖലയിൽ നിന്നും വലിയ തോതിൽ പോളപ്പായൽ കായലിന്റെ നീരൊഴുക്ക് നിലച്ച പ്രദേശങ്ങളായ തലയാഴം, കൊതവറ, ടിവിപുരം, വൈക്കം നഗരസഭ പ്രദേശം എന്നിവിടങ്ങളിലെ തീരങ്ങളിൽ അടിഞ്ഞു കൂടിയ നിലയിലാണ്.
പായൽ അടിഞ്ഞതോടെ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോകാൻ പറ്റാത്ത സാഹചര്യമാണ്. ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കാൻ സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഇടപെടൽ ഉണ്ടാകണമെന്ന് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു. പായൽ ഉൽഭവ സ്ഥാനങ്ങളിൽ തന്നെ നിർമാർജനം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് മത്സ്യ തൊഴിലാളികളുടെ പ്രധാന ആവശ്യം.
കായലിൽ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ വേലിയേറ്റം കുറവായതിനാൽ തീരത്തോടു ചേർന്ന് അരുളയും, കളകളും തിങ്ങി നിറഞ്ഞതിനാൽ ഇവിടെ പോളപ്പായൽ അടിഞ്ഞു നിൽക്കുന്നതാണ് തീരത്ത് ഇത്രയധികം പായൽ അടിയാൻ കാരണം. ഇത് തീരത്തോടു ചേർന്ന് ചീഞ്ഞ് അഴുകി ദുർഗന്ധവും, കൊതുകുകളുടെ ശല്യവും രൂക്ഷമാണ്. ഇത് വിവിധ സാംക്രമിക രോഗങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കായൽ തീരത്ത് അടിഞ്ഞു കൂടിയ പോളയും പായലും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.