അമ്മയും അഞ്ചു വയസ്സുള്ള കുട്ടിയും തോട്ടിൽ വീണു; രക്ഷപ്പെടുത്തിയത് കെഎസ്ആർടിസി ഡ്രൈവർ
Mail This Article
കുമരകം ∙ അമ്മയോടൊപ്പം സ്കൂളിലേക്കു പോകുന്നതിനിടെ, അഞ്ചുവയസ്സുള്ള കുട്ടി നടപ്പാലത്തിൽനിന്നു തോട്ടിൽ വീണു. മകനെ രക്ഷിക്കാൻ നീന്തൽ അറിയില്ലാത്ത അമ്മയും കൂടെച്ചാടി. ഇരുവരെയും സമീപത്തെ വീട്ടിലുണ്ടായിരുന്നയാൾ രക്ഷപ്പെടുത്തി. കരീമഠം ഒളോക്കരിച്ചിറ പി.എം.മോനേഷിന്റയും സൽമയുടെ മകൻ യുകെജി വിദ്യാർഥി ദേവതീർഥ് ആണ് ഇന്നലെ രാവിലെ 9.45ന് ആഴമേറിയ തോട്ടിൽ വീണത്. കരീമഠം ഗവ. വെൽഫെയർ യുപി സ്കൂളിലാണു ദേവതീർഥ് പഠിക്കുന്നത്. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽശാന്തിയാണു പിതാവ് മോനേഷ്.
സ്കൂളിനടുത്തുള്ള പാലത്തിൽ നിന്ന് ദേവതീർഥ് തെന്നി തോട്ടിലേക്കു വീണു. ഇരുമ്പുതകിട് കൊണ്ടുള്ള പാലമാണ്. തകിടിൽ മഴവെള്ളം വീണുകിടന്നിരുന്നതിൽ തെന്നി വീഴുകയായിരുന്നു. മഴക്കോട്ട് ഉണ്ടായിരുന്നതിനാൽ വെള്ളത്തിനു മീതെ പൊങ്ങിക്കിടന്നെങ്കിലും ദേവതീർഥ് ഒഴുക്കിൽപെട്ടു. മകൻ ഒഴുക്കിൽപെട്ടതു കണ്ട അമ്മ സൽമയും തോട്ടിലേക്കു ചാടി. രണ്ടുപേർക്കും തോട്ടിലെ തെങ്ങിൻതടിയിൽ പിടിത്തം കിട്ടി.
കരയിലുണ്ടായിരുന്നവരുടെ ബഹളംകേട്ട്, സമീപത്തെ വീട്ടിൽ താമസിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ ബിനു ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വേഴപ്പറമ്പ്– ഒളോക്കരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന നടപ്പാലമാണിത്. മോനേഷിന്റെ ഇളയമകനാണ് ദേവതീർഥ്. മൂത്തമകൻ 7 വയസ്സുകാരൻ ദേവപ്രയാഗ്. അപകടം വീണ്ടും; അനങ്ങാതെ അധികാരികൾ.