വരച്ച വരയിലാണ് ജോയിയുടെ കച്ചവടം
![kottayam-joy-t-kuruvila വെള്ളൂർ സെന്റ് മേരീസ് സ്റ്റോഴ്സ് ഉടമ ജോയി ടി.കുരുവിള കടയിലെ ഒഴിവുസമയത്ത് ചിത്രരചനയിൽ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2024/8/31/kottayam-joy-t-kuruvila.jpg?w=1120&h=583)
Mail This Article
പാമ്പാടി ∙ മിഠായി നിറച്ച ചില്ലുകുപ്പിക്കും ബിസ്കറ്റുകൾക്കിടയിൽ ജീവൻ തുളുമ്പുന്ന ഒട്ടേറെ ചിത്രങ്ങൾ. എട്ടാം മൈൽ ജംക്‌ഷനിലെ സെന്റ് മേരീസ് ജനറൽ സ്‌റ്റോഴ്സിലെ കാഴ്ചയിതാണ്. കടയുടമ വെള്ളൂർ തെക്കേടത്ത് ജോയി ടി.കുരുവിളയാണു ചിത്രകാരൻ. ചലച്ചിത്രതാരങ്ങളുടെ തനിപ്പകർപ്പു മുതൽ പ്രകൃതിസൗന്ദര്യം നിറയുന്ന ചിത്രങ്ങൾ വരെ കടയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജോയി ചിത്രരചനയിലേക്കു തിരിഞ്ഞത്. പിന്നെ ചായക്കൂട്ടുകളെ ജീവിതത്തിന്റെ ഭാഗമാക്കി, ഈ അൻപത്തൊൻപതുകാരൻ. 21 ാം വയസ്സിലാണ് ഇല്ലിവളവ് മൂലേപ്പടിക്ക് സമീപം വ്യാപാരസ്ഥാപനം ആരംഭിച്ചത്.
പിന്നീടു വിദേശത്തേക്കു ജോലി തേടിപ്പോയപ്പോഴും ചിത്രരചനയെ കൈവിട്ടില്ല. 2013ലാണ് നാട്ടിലെത്തി എട്ടാംമൈലിൽ കട തുടങ്ങി. ചിത്രരചനയ്ക്കു സാമഗ്രികൾ നൽകി പ്രോത്സാഹിപ്പിക്കുന്നത് യുഎസിലുള്ള മൂത്തസഹോദരി റേച്ചൽ കുരുവിളയും ഭർത്താവ് രജിത്കുമാർ റോബർട്ടുമാണ്. ജോയിയുടെ ഭാര്യ മോളമ്മയും മക്കളായ അഖിൽ ജോയി, അലൻ കുരുവിള എന്നിവരും വരയ്ക്കു കൂട്ടാണ്.