വിതച്ച വിത്ത് തിരിഞ്ഞുകുത്തി; കർഷകന്റെ സങ്കടം ആരറിയുന്നു; എട്ടര ഏക്കറിൽ നെല്ലു കതിരിട്ടപ്പോൾ എല്ലാം വരിനെല്ല്
Mail This Article
രാമപുരം ∙ കൊണ്ടാട് പാടശേഖരത്തിലെ എട്ടര ഏക്കറിൽ നെല്ലു കതിരിട്ടപ്പോൾ എല്ലാം വരിനെല്ലായി. കൊണ്ടാട് പൂതംപാറമറ്റത്തിൽ തമ്പിക്ക് (ജോസഫ്-72) നഷ്ടമായത് ലക്ഷക്കണക്കിനു രൂപ. കൃഷിഭവൻ വഴി കുറവിലങ്ങാട് വിത്തു ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ച ഉമ നെൽവിത്താണു വിതച്ചത്. മുൻ വർഷങ്ങളിലും ഇവിടെനിന്നു ലഭിക്കുന്ന വിത്താണ് വിതയ്ക്കാറുണ്ടായിരുന്നതെന്ന് തമ്പി പറഞ്ഞു. എന്നാൽ ഇത്തരമൊരു സംഭവം ആദ്യമാണ്. 120 ദിവസം മൂപ്പുള്ളതാണ് ഉമ വിത്ത്. കൊയ്യാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് വരിനെല്ലാണെന്ന് മനസ്സിലായത്.ക്ഷേത്രം ജംക്‌ഷനിൽ കൊണ്ടാട് പാടശേഖരത്തിൽ എട്ടര ഏക്കർ പാട്ടത്തിനെടുത്താണ് തമ്പിയുടെ കൃഷി.
15 വർഷമായി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൃഷി അസി.ഡയറക്ടറും കുട്ടനാട്, കുമരകം നെല്ല് ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥരും പരിശോധന നടത്തി. കൃഷി നശിപ്പിച്ചുകളയാൻ പറഞ്ഞശേഷം ഉദ്യോഗസ്ഥർ മടങ്ങിയെന്നു തമ്പി പറഞ്ഞു. 2 ലക്ഷത്തിലേറെ രൂപ കൃഷി ചെയ്യാനായി മുടക്കി. ഇനി നശിപ്പിക്കാനും പതിനായിരക്കണക്കിനു രൂപ മുടക്കേണ്ട ഗതികേടിലാണ്. കുറവിലങ്ങാട്ടെ വിത്ത് ഉൽപാദന സ്ഥലത്തെ വീഴ്ചയിൽ നടപടി സ്വീകരിക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. പഞ്ചായത്തിലൊട്ടാകെ 40 ഹെക്ടറിലാണ് മുൻപ് നെൽക്കൃഷി നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നാമമാത്രമായാണ് നെൽക്കൃഷി.