കോണത്താറ്റ് പാലം നിർമാണം: അധികൃതർ വരും, പോകും; തടസ്സം നീക്കാൻ ആളില്ല
Mail This Article
കുമരകം ∙ അധികൃതരുടെ വരവും പോക്കും മുറയ്ക്കു നടക്കുന്നു, പാലത്തിന്റെ സമീപനപാതയുടെ നിർമാണത്തിനുള്ള തടസ്സം നീക്കാൻ ആരും ഇല്ല. കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലം പണി പൂർത്തിയായെങ്കിലും സമീപനപാതയുടെ നിർമാണമാണ് തടസ്സപ്പെട്ടു കിടക്കുന്നത്. സമീപന പാതയിലെ നടപ്പാത നിർമാണം എങ്ങനെ വേണം എന്നു പഠിക്കാൻ ഇന്നലെയും കിഫ്ബി അധികൃതർ എത്തി. ഇതിനു മുൻപും പലതവണ ജനപ്രതിനിധികളും കിഫ്ബി അധികൃതരും വന്നുപോയെങ്കിലും നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമം നടന്നിട്ടില്ല.
സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞില്ല
സമീപനപാതയ്ക്കുള്ള സ്ഥലം പൂർണമായും ഏറ്റെടുക്കാൻ കഴിയാത്തതും വൈദ്യുത ലൈനും ട്രാൻസ്ഫോമറും മാറ്റാത്തതുമാണു പ്രശ്നം. പാലത്തിന്റെ പടിഞ്ഞാറേക്കരയിലെ 2 പൈലിങ് നടത്താൻ കഴിഞ്ഞിട്ടില്ല. ഒരു ഭാഗത്തെ സ്ഥലം ഇനിയും ഏറ്റെടുത്തിട്ടില്ല. ഇവിടെത്തന്നെ മറ്റൊരു പൈലിങ് നടത്തേണ്ടിടത്തെ വൈദ്യുത ലൈനും മാറ്റിയിട്ടില്ല. കിഴക്കേക്കരയിലും 2 പൈലിങ്ങിനു തടസ്സം നേരിടും.
ഇവിടത്തെ ട്രാൻസ്ഫോമർ മാറ്റി നിലവിലെ വഴി ആ ഭാഗത്തു കൂടി തിരിച്ചുവിട്ടാൽ മാത്രമേ പൈലിങ് നടക്കുകയുള്ളൂ. ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കുമ്പോഴാണു സമീപനപാത പൂർത്തിയായിക്കിക്കഴിയുമ്പോഴുള്ള നടപ്പാതയെക്കുറിച്ചു പഠിക്കാൻ അധികൃതർ എത്തിയത്. പൈലിങ്ങിനുള്ള സ്ഥലം വിട്ടുകൊടുക്കണമെങ്കിൽ ഉടമയുടെ ചില ആവശ്യങ്ങൾ കൂടി പരിഹരിക്കണം. അതിന് അധികൃതർ തയാറാകുന്നില്ല. ട്രാൻസ്ഫോമറും ലൈനും മാറ്റുന്നതിനു പാലം പണി തുടങ്ങിയപ്പോൾ കെഎസ്ഇബിക്കു നിർദേശം നൽകിയിരുന്നെങ്കിലും അതും ഇതുവരെ ചെയ്തിട്ടില്ല.
6 മാസം എന്നത് 3 വർഷമായി മാറി
2025 മേയ് മാസത്തിൽ സമീപന പാതയുടെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞേക്കുമെന്നു പറയുന്നു. അതിനായി സമീപന പാതയുടെ പൈലിങ്ങിനുള്ള തടസ്സം നീക്കണം. അത് ഉണ്ടായില്ലെങ്കിൽ പിന്നെയും നീളും. ഇപ്പോൾ പറയുന്ന തീയതിയിൽ പണി തീരുമ്പോൾ 3 വർഷമാകും. 2022 മേയ് 10നു പാലത്തിന്റെ നിർമാണോദ്ഘാടനം നടന്നതാണ്. 6 മാസം കൊണ്ടു പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ 6 മാസം കഴിഞ്ഞാണു പാലം പൊളിച്ചു പണി തുടങ്ങാനായത്. ഏതാണ്ട് ഒരു വർഷത്തിലേറെ എടുത്തു പാലം പണി പൂർത്തിയാക്കിയെങ്കിലും സമീപന പാതയുടെ നിർമാണ കാര്യത്തിൽ അന്നും തീരുമാനമായിട്ടില്ലായിരുന്നു. മാസങ്ങൾക്കു ശേഷമാണു സമീപനപാതയുടെ നിർമാണം തുടങ്ങിയത്. ഇപ്പോൾ അതിന്റെ പൈലിങ് ജോലി പോലും പൂർത്തിയാകാത്ത അവസ്ഥയാണ്.
കരാറുകാരൻ ജോലി ചെയ്യാൻ തയാറാണെങ്കിലും തടസ്സം നീക്കാൻ അധികൃതർ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ പണി പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു നാട്ടുകാർ. സമീപനപാതയുടെ നിർമാണത്തിന് 5 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്.