ADVERTISEMENT

കോട്ടയം ∙ ദേശാടനപ്പക്ഷികളിലും കാക്കകളിലും പക്ഷിപ്പനി. പ്രതിരോധത്തിന്റെ ഭാഗമായി വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ  വളർത്തുപക്ഷികൾക്കു നിയന്ത്രണം. കോഴി, താറാവ് എന്നിവയെ  കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ഡിസംബർ 31 വരെയാണ് നിയന്ത്രണം. വൈറസ് വ്യാപനം തടയുന്നതു ലക്ഷ്യമിട്ടാണു  നിയന്ത്രണമെന്നു  മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയെന്നും 10 കിലോമീറ്റർ നിരീക്ഷണ മേഖലയെന്നുമാണ് കണക്കാക്കുന്നത്. 

2025 മാർച്ച് വരെ പക്ഷിപ്പനി ബാധിത മേഖലകളിൽ പക്ഷി വളർത്തൽ നിരോധിക്കണമെന്നു വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. മേഖലയിൽ കോഴി, താറാവു വളർത്തൽ ആരംഭിച്ചവർ പ്രതിസന്ധിയിലായി. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലും നിയന്ത്രണമുണ്ട്. ബ്രോയ്‌ലർ കോഴി, കാട ഫാമുകളെയും പക്ഷിപ്പനി ബാധിച്ചെന്നും സർക്കാർ  റിപ്പോർട്ടിലുണ്ട്. 

മയിൽ ചത്തതിന് കാരണം പക്ഷിപ്പനി
ആലപ്പുഴ, കുട്ടനാട് മേഖലകളിൽ മയിൽ, കാക്ക എന്നിവ ചത്തതിനെത്തുടർന്ന് സാംപിൾ പരിശോധിച്ചപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. താറാവ്, കോഴി എന്നിവയിൽനിന്നു പക്ഷിപ്പനി ജീവജാലങ്ങളിലേക്കു പകർന്നതെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ മാസം മുതൽ സംസ്ഥാനത്തു 38 കേന്ദ്രങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രസംഘവും പഠനം നടത്താനെത്തി.

ഹാച്ചറികളിലെ മുട്ട നശിപ്പിക്കണം
നിയന്ത്രിതമേഖലയിലെ  എല്ലാ ഹാച്ചറികളിലെയും  മുട്ടകൾ ഉടൻ നശിപ്പിച്ച് ശാസ്ത്രീയമായി  സംസ്കരിക്കും. നഷ്ടപരിഹാരമായി 1,000 രൂപ നൽകും. മുട്ടയൊന്നിന്  5 രൂപ വീതവും നൽകും. 

കർഷകർ പ്രതിസന്ധിയിൽ
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കർഷകർ ഹാച്ചറികളിൽ പണമടച്ച് താറാവിൻകുഞ്ഞുങ്ങളെ എത്തിക്കാനിരിക്കെയാണ് നിയന്ത്രണം. തമിഴ്നാട്ടിൽനിന്ന് ഇറച്ചിക്കോഴിയെയും താറാവിനെയും എത്തിക്കുന്നതിനു നിയന്ത്രണമില്ല.തമിഴ്നാട്ടിൽനിന്ന് വേണ്ടത്ര പരിശോധന ഇല്ലാതെയാണ് ഇവ എത്തിക്കുന്നതെന്നു പരാതിയുണ്ട്. ഇതിനിടെയാണ് കേരളത്തിൽ അശാസ്ത്രീയ നിയന്ത്രണമെന്നും കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com