ഓണമെത്തി, വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു; കുമരകം ഉണർന്നു
Mail This Article
കുമരകം ∙ ഓണം എത്തിയതോടെ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. ഓണപ്പരീക്ഷ കഴിയുന്നതോടെ തദ്ദേശീയരായ സഞ്ചാരികളും എത്തിത്തുടങ്ങും. വിദേശികളായ വിനോദ സഞ്ചാരികൾ പെണ്ണാർ, കവണാർ തോടുകളിലൂടെ കയാക്കിങ് നടത്തുന്നു. പിന്നീട് ഹൗസ് ബോട്ടിൽ വേമ്പനാട്ട് കായലിലൂടെ യാത്ര നടത്തിയാണു ഇവർ പോകുന്നത്. ചീപ്പുങ്കൽ ഭാഗത്താണു കയാക്കിങ്ങിനുള്ള സൗകര്യമുള്ളത്. ഹോട്ടലുകളിലും റിസോർട്ടുകളിലും എത്തുന്ന വിനോദ സഞ്ചാരികൾ ഇവിടെ എത്തി കയാക്കിങ് നടത്തുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായ ശിക്കാര വള്ളത്തിലൂടെ സഞ്ചരിച്ചു ഗ്രാമീണ കാഴ്ചകൾ കാണുന്നു. ഓണം പ്രമാണിച്ചു ഇളവ് നൽകുന്ന ഹോട്ടലുകളും റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഉണ്ട്. തിരുവോണ നാളിൽ ഓണസദ്യയും ഇവിടങ്ങളിൽ ഒരുക്കും. ഓണത്തിനു സ്ഥിരമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളും ഉണ്ട്. ഇവർക്കായി പ്രത്യേക ഓണ സദ്യയും തയാറാക്കും. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഓണത്തോടനുബന്ധിച്ചുള്ള വിവിധ പാക്കേജുകൾ 30 വരെ ഉണ്ടാകും.