ബസുകളുടെ മരണപ്പാച്ചിൽ: മറുപടിയില്ലാതെ പൊലീസും മോട്ടർ വാഹന വകുപ്പും
Mail This Article
കോട്ടയം ∙ എറണാകുളം - കോട്ടയം റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനു പൊലീസും മോട്ടർ വാഹനവകുപ്പും റിപ്പോർട്ട് നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ നിർദേശത്തിൽ സമയപരിധി ഇന്ന് അവസാനിക്കും. ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കുന്നതിനു കർമപദ്ധതി തയാറാക്കി നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത് ഓഗസ്റ്റ് 13നാണ്. ഇന്നലെ വരെ റിപ്പോർട്ട് നൽകിയില്ല.
ജൂലൈ 27ന് എറണാകുളം– കോട്ടയം പാതയിൽ സ്വകാര്യബസ് തലയോലപ്പറമ്പ് വെട്ടിക്കടമുക്കിൽ നിയന്ത്രണംവിട്ട് മറിഞ്ഞ സംഭവത്തെത്തുടർന്നു നൽകിയ പരാതിയിലാണ് കമ്മിഷൻ ഡിജിപിക്കും മോട്ടർവാഹന വകുപ്പിനും നോട്ടിസ് അയച്ചത്. അമിതവേഗം കാരണം അപകടമുണ്ടാകുമ്പോൾ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് തലയോലപ്പറമ്പ് സ്വദേശി ഫിറോസ് മാവുങ്കലാണ് പരാതി നൽകിയത്.
കെഎസ്ആർടിസിയുടേത് ഉൾപ്പെടെ ബസുകളിലെ വേഗപ്പൂട്ട് പ്രവർത്തിക്കുന്നുണ്ടോയെന്ന് മോട്ടർവാഹന വകുപ്പും പൊലീസും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. വേഗപ്പൂട്ട് പ്രവർത്തിച്ചില്ലെങ്കിൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കണം. പെർമിറ്റുകൾ റണ്ണിങ് ടൈം അനുസരിച്ച് പുനഃക്രമീകരിക്കണമെന്നും അനധികൃത ഓവർടേക്കിങ്, ഗതാഗതതടസ്സം സൃഷ്ടിക്കുന്ന പ്രകടനങ്ങൾ എന്നിവ നിയന്ത്രിക്കണമെന്നും പരാതിയിലുണ്ട്.