മുള്ളാത്തയും ലക്ഷ്മി തരുവും കാൻസർ മരുന്നല്ല; അരുവിത്തുറ കോളജിൽ സസ്യശാസ്ത്ര സെമിനാർ
Mail This Article
അരുവിത്തുറ∙ പ്രകൃതിയേയും സസ്യജാലങ്ങളേയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനിൽപെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതരു, ഡെങ്കിപ്പനി ചികിത്സയ്ക്കായി കപ്പളം, പ്രമേഹം കുറയാൻ പാവയ്ക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ബിജു ജോർജ് പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നടന്ന സസ്യശാസ്ത്ര സെമിനാറിന്റെയും ബോട്ടണി അസോസിയേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്യജാലങ്ങളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപിനാധാരമാണെന്നും അദ്ദേഹം പറഞ്ഞു. ബോട്ടണി അസോസിയേഷൻ പ്രസിഡന്റ് സൗമ്യ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, സ്നേഹാ തോമസ് തുടങ്ങിയവർ സംസാരിച്ചു.