സഹജീവിയോട് നിസ്വാർഥമായ അലിവ്; നന്മയുള്ളൊരു മനസ്സാണ് ഈ വീടിന്റെ അടിത്തറ
Mail This Article
എരുമേലി ∙ ചോർന്നൊലിക്കുന്ന ഷെഡിൽ അശരണരായി കഴിഞ്ഞിരുന്ന ബിന്ദുവിനും കുട്ടികൾക്കും അഭയമായി പുതിയ വീട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമിച്ച് നൽകിയത്.കനകപ്പലം എംടി ഹൈസ്കൂളിനു സമീപം താന്നിമൂട്ടിൽ തമ്പിയുടെ മകളാണ് ടി.ടി. ബിന്ദു (35). പ്രവിത (10), പ്രമിത്ത് (4) പ്രീതി (ഒന്നര വയസ്സ്) എന്നിവരാണ് മക്കൾ. തിരുവല്ലയിൽ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ബിന്ദു മക്കളുമായി കുടുംബവീട്ടിലേക്കു തിരികെ പോന്നു.
ഇതിനിടെ മൂത്ത സഹോദരൻ ബിനുവിന്റെ മക്കളായ നയന(11)യുടെയും നന്ദിതയുടെയും (10) സംരക്ഷണവും ബിന്ദുവിന് ഏറ്റെടുക്കേണ്ടി വന്നു. 5 കുട്ടികളുമായി ജീവിക്കാൻ തുടങ്ങിയതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. അച്ഛൻ തമ്പിയും അമ്മ കുഞ്ഞമ്മയും പത്തനംതിട്ട തടിയൂരിൽ ഒരു വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയാണ്. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ബിന്ദുവും കുട്ടികളും കഴിഞ്ഞിരുന്നത്. ഷെഡ് ഇരിക്കുന്ന മൂന്നര സെന്റ് വസ്തു സംബന്ധിച്ച് ബന്ധുക്കളുമായി തർക്കമുള്ളതിനാൽ പഞ്ചായത്തിൽ നിന്ന് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാൻ തടസ്സമുണ്ടായി. ഇതോടെയാണ് വർഷങ്ങളായി ഈ കുടുംബം പൊളിഞ്ഞുവീഴാറായ ഷെഡിൽ താമസിക്കേണ്ടി വന്നത്.
ബിന്ദുവിന്റെയും കുടുംബത്തിന്റെയും ദുരിതകഥ അറിയാവുന്ന കനകപ്പലം എൻഎം എൽപി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് അംഗം ലിസി സജിയും ഈ വിവരം സന്മനസ്സും സാമ്പത്തിക ശേഷിയുമുള്ള ഒരു കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇവർ ബിന്ദുവിന് വീട് നിർമിച്ച് നൽകാൻ തയാറാകുകയുമായിരുന്നു. 42 ദിവസം കൊണ്ടാണ് വീട് പൂർത്തിയാക്കി കൈമാറിയത്. 2 കിടപ്പുമുറിയും ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പെടുന്നതാണ് വീട്.