ജലവിതരണം: പരിഹാരം കാണാൻ മോൻസ് ജോസഫ് എംഎൽഎ; സർവകക്ഷിയോഗത്തിൽ സർവത്ര പരാതി
Mail This Article
കടുത്തുരുത്തി∙ വെള്ളം നൽകാതെ ജല അതോറിറ്റി എന്തിനാണ് ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ. കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല വിതരണം സംബന്ധിച്ച പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ ജനപ്രതിനിധികളെയും ജലഅതോറിറ്റി– പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാലാ ആരോപിച്ചു.
ജനപ്രതിനിധികൾ പലതവണ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥരാണ് കടുത്തുരുത്തി ജല അതോറിറ്റി ഓഫിസിൽ ഉള്ളതെന്ന് പഞ്ചായത്തംഗമായ സി.ബി. പ്രമോദ് പരാതിപ്പെട്ടു. പരാതി പറയാൻ ഓഫിസിലെത്തിയാൽ ആരെയും കാണാനില്ലെന്നും ഉദ്യോഗസ്ഥർ പലരും തോന്നുംപടിയാണ് പ്രവർത്തിക്കുന്നതെന്നു പഞ്ചായത്തംഗം നോബി മുണ്ടയ്ക്കൻ പരാതിപ്പെട്ടു.
സിപിഐ മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണസെൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ രൂക്ഷമായി പൊട്ടിത്തെറിച്ചു. ആറ് മാസമായി ടൗണിൽ വെള്ളമില്ല. റോഡിൽ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപെടുത്തിയാലും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ തോന്നും വിധമാണ് പ്രവർത്തിക്കുന്നതെന്നും ത്രിഗുണസെൻ പറഞ്ഞു. പലയിടത്തും പുതിയതായി സ്ഥാപിച്ച പൈപ്പുകൾ പൊട്ടി വെള്ളം പാഴായാലും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല.
പടിഞ്ഞാറൻ പ്രദേശത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം
പൈപ്പ് നന്നാക്കാനെടുത്ത കുഴികൾ മൂടാൻ തയാറാകാത്തതിനാൽ അപകടം പതിവാണ്. ഇതിനെല്ലാം പഴി കേൾക്കുന്നത് തങ്ങളാണെന്ന് യോഗത്തിൽ ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. ശുദ്ധജലം മുടങ്ങി മാസങ്ങളായിട്ടും നടപടി സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വ്യാപാരി പ്രതിനിധികൾ പറഞ്ഞു. ആറ് മാസം മുൻപ് പൈപ്പും മീറ്ററും സ്ഥാപിച്ചിട്ടും കണക്‌ഷൻ നൽകുന്നില്ലെന്ന് ഞീഴൂർ സ്വദേശി കെ.പി. വിനോദ് പരാതിപ്പെട്ടു. പ്രശ്നത്തിൽ എംഎൽഎ ഇടപെട്ട് പരിഹാരം കാണുമെന്ന് ഉറപ്പു നൽകി. പഞ്ചായത്തംഗങ്ങളായ കെ.എസ്. സുമേഷ്, സൈനമ്മ ഷാജു എന്നിവരും പരാതി ഉന്നയിച്ചു.
കടുത്തുരുത്തിയിൽ ജലവിതരണം മുടങ്ങിയതോടെ ഉദ്യോഗസ്ഥ തലത്തിൽ പരിശോധനകൾ നടന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജല അതോറിറ്റിയുടെയും പിഡബ്ല്യുഡിയുടെയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മോൻസ് ജോസഫ് എംഎൽഎ സർവകക്ഷിയോഗം വിളിച്ചത്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സോണിയ തുടങ്ങിയവർ യോഗത്തിനെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, നോബി മുണ്ടയ്ക്കൻ, പൗളി ജോർജ്, നേതാക്കളായ കെ.കെ. തങ്കപ്പൻ, സന്തോഷ് ജേക്കബ്, ടോമി പ്രാലടി, ജോണി കണിവേലി, മാഞ്ഞൂർ മോഹൻ കുമാർ, കെ.കെ. ശശാങ്കൻ, ലൈസമ്മ ജോർജ്, സൈനമ്മ ഷാജു തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
▶ റോഡിനടിയിലെ
ജി.ഐ. പൈപ്പ് തകരാർ കാരണം കടുത്തുരുത്തി ടൗണിൽ ആറ് മാസമായി വെള്ളം മുടങ്ങി. ഇത് പരിഹരിക്കാൻ ടൗണിലെ റോഡ് കുഴിക്കണം. ഇതിന് കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയത്. 28, 29 തീയതികളിലായി റോഡ് കുഴിക്കുന്ന ജോലികൾ നടത്തും.
▶ ജനപ്രതിനിധികൾ ഉന്നയിച്ച പരാതികൾ പരിശോധിച്ച് പരിഹാരം ഉണ്ടാക്കാൻ നടപടി സ്വീകരിക്കും.
▶ മുട്ടുചിറ– വാലാച്ചിറ– എഴുമാന്തുരുത്ത് റോഡിൽ പുതിയ പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നു എന്ന പരാതി പരിഹരിക്കേണ്ടത് പൈപ്പ് സ്ഥാപിച്ച കെഎസ്ടിപിയാണ്. ഇതിനായി കെ.എസ്.ടി.പി. അധികൃതരുടെ യോഗം പിന്നീട് വിളിക്കും.
▶ കടുത്തുരുത്തി– അറുനൂറ്റിമംഗലം റോഡിൽ പൈപ്പിടീൽ പൂർത്തിയായി. റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി.
▶ ജല അതോറിറ്റി പൈപ്പിടാൻ കുഴിക്കുന്ന റോഡുകൾ നിലവാരം അനുസരിച്ച് പുനരുദ്ധരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം പരിഗണിക്കും.