ഇനി പരാതി വേണ്ട; ആധുനിക സംവിധാനങ്ങളോടെ ആരോഗ്യകേന്ദ്രം റെഡി
Mail This Article
ചീരഞ്ചിറ ∙ അത്യാധുനിക സംവിധാനങ്ങളോടെ വാഴപ്പള്ളി പഞ്ചായത്തിൽ കുടുംബാരോഗ്യകേന്ദ്രം തയാർ. പ്രാഥമികാരോഗ്യ കേന്ദ്രത്തെ നാഷനൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന പ്രഖ്യാപനവും പുതിയ ഒപി മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്നു രാവിലെ 10നു മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. പഴയ കെട്ടിടത്തിനോടു ചേർന്നു തന്നെയാണു പുതിയ ഒപി മന്ദിരം നിർമിച്ചത്. പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 35 ലക്ഷം രൂപയും നാഷനൽ ഹെൽത്ത് മിഷന്റെ ഒരു കോടി 10 ലക്ഷം രൂപയും ചെലവഴിച്ചാണു പദ്ധതി പൂർത്തിയാക്കിയത്.
പ്രാഥമിക അത്യാഹിതവിഭാഗ സേവനം, ഒപി, പൊതുജനാരോഗ്യവിഭാഗം, മാതൃ–ശിശു സംരക്ഷണകേന്ദ്രം, നഴ്സസ് സ്ക്രീനിങ് റൂം, റജിസ്ട്രേഷൻ ബ്ലോക്ക്, പരിശോധനമുറി, മുലയൂട്ടൽ മുറി, വാക്സിനേഷൻ റൂം, ഇസിജി ലാബ് എന്നീ സൗകര്യങ്ങൾ ലഭിക്കും. സേവനവും മരുന്നും സൗജന്യം. ഭിന്നശേഷിക്കാർക്കായി റാംപും പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർക്കും ജീവനക്കാർക്കും രോഗികൾക്കും മതിയായ സൗകര്യങ്ങളുണ്ടായിരുന്നില്ല. കാത്തിരിപ്പും മരുന്നുവിതരണവും പരിമിതമായ സ്ഥലത്തായിരുന്നു.