രണ്ടാംപാലം: നിർമാണം ഒടുവിൽ പുനരാരംഭിച്ചു
Mail This Article
കോട്ടയം ∙ കോടിമത രണ്ടാം പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. പുതുക്കിയ പ്രൊജക്ട് എസ്റ്റിമേറ്റ് അംഗീകരിച്ചതിനെ തുടർന്നു കരാറുകാരൻ സ്പാനുകൾ സ്ഥാപിക്കുന്ന ജോലികൾ പുനരാരംഭിച്ചു. മൂന്ന് സ്പാനുകളിൽ രണ്ടെണ്ണം പ്രാരംഭ ഘട്ടത്തിൽ നിർമിച്ചിരുന്നു. ശേഷിക്കുന്ന സ്പാനുകളുടെയും അപ്രോച്ച് റോഡിന്റെ അഞ്ച് ലാൻഡ് സ്പാനുകളുടെയും പൈലിങ്ങാണ് ആരംഭിച്ചത്. നിർമാണം നടക്കുന്ന സ്ഥലത്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സന്ദർശനം നടത്തി. 18 മാസമാണു നിർമാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് നിശ്ചയിച്ചിരിക്കുന്ന കാലാവധി.
എംസി റോഡ് നവീകരണത്തിന്റെ ഭാഗമായ കോടിമത രണ്ടാം പാലം 18 മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പാലത്തിനു താഴെ താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം നിർമാണം മുടങ്ങി. ലൈഫ് മിഷൻ പദ്ധതിയിലൂടെ നഗരസഭ ഒരു കുടുംബത്തിനു വീട് നൽകി. രണ്ടാമത്തെ കുടുംബത്തിന് ഒരു സന്നദ്ധ സംഘടന സ്ഥലവും വീടും നൽകി. അങ്ങനെയാണു പദ്ധതി തുടരാനുള്ള വഴി തെളിഞ്ഞത്.
പദ്ധതിച്ചെലവ് വർധിച്ചു
9.71 കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ നിർമാണം 2015 ഓഗസ്റ്റിലാണ് ആരംഭിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിച്ചെലവ് 15.49 കോടി രൂപയായി. 5 കോടിയിലധികം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു.