യുവാവ് മാൻ ഹോളിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
Mail This Article
പാമ്പാടി ∙ മാൻ ഹോളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന് രക്ഷകരായി പാമ്പാടി അഗ്നിരക്ഷാ സേന. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. വെള്ളൂർ എട്ടാംമൈൽ തോട്ടപ്പള്ളി കോന്നാനിക്കൽ ജോമോൻ തോമസിന്റെ വീട്ടിലെ കോൺക്രീറ്റ് ടാങ്കിന്റെ മാൻ ഹോളിലാണ് മധ്യപ്രദേശിലെ മന്‌ല സ്വദേശിയായ രാകേഷ് (26) കുടുങ്ങിയത്. വെള്ളം നിറക്കുന്നതിനായി നിർമിച്ചു കൊണ്ടിരുന്ന പത്ത് അടി നീളവും, വീതിയും താഴ്ചയുമുള്ള ടാങ്കിൽ ഇറങ്ങി അതിലെ രണ്ട് അടി നീളവും, വീതിയുമുള്ള മാൻ ഹോളിൽ പെയ്ന്റും ടിന്നറും അടിക്കുകയായിരുന്നു.
ഇതിനിടയിൽ ബോധരഹിതനാവുകയുമായിരുന്നു. ഉടൻ പാമ്പാടി അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.ആർ.അർജുൻ ബ്രീത്തിങ് അപാരന്റസ് ഉപയോഗിച്ച് ടാങ്കിൽ ഇറങ്ങി റോപ്പിൽ യുവാവിനെ പുറത്തെത്തിക്കുകയുമായിരുന്നു. തുടർന്നു യുവാവിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനത്തിൽ സ്റ്റേഷൻ ഓഫിസർ വി.വി.സുവികുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി.കെ.ബൈജു, സീനിയർ ഫയർ ഓഫിസർ വി.എസ്.അഭിലാഷ് കുമാർ, ഫയർ ഓഫിസർ ആർ.രഞ്ജു, ഡ്രൈവർമാരായ വി.ബി.ഹരിഷ്മോൻ, മനോജ് പി.പുളിക്കൽ, ഹോംഗാർഡ് ഇ.എം.പ്രസന്നൻ എന്നിവർ പങ്കെടുത്തു.