നാട്ടുകാരുടെ പാലം വലിച്ചു; രണ്ടു പാലങ്ങൾ അപകടഭീഷണിയിൽ
Mail This Article
വൈക്കം ∙ വൈപ്പിൻ പടി - പരുത്തുമുടി - പുളിക്കാത്തറ റോഡിലെ 2 പാലങ്ങൾ അപകട ഭീഷണിയിൽ ആയതോടെ നാട്ടുകാർ ദുരിതത്തിൽ. വല്ലകം തേനാമിറ്റം തോടിനു കുറുകെയുള്ള ചെറുമാന പാലം, വല്ലകത്തു നിന്നു കണിയാംതോടുമായി ബന്ധിച്ചു കിടക്കുന്ന തോടിനു കുറുകെയുള്ള കളത്തിൽ പാലം എന്നിവയാണ് അപകടസ്ഥിതിയിലായത്. ഏകദേശം 3 മീറ്ററിലധികം വീതിയുള്ള റോഡ് ഉണ്ടെങ്കിലും പാലങ്ങൾ അപകടാവസ്ഥയിലായതോടെ ഇതുവഴി നടന്നുപോകാൻ പോലും ജനങ്ങൾക്കു ഭയമാണ്.
വൈപ്പിൻപടി, പരുത്തുമുടി നിവാസികൾക്ക് വില്ലേജ്, കൃഷിഭവൻ, പഞ്ചായത്ത്, ഹെൽത്ത് സെന്റർ, വല്ലകം സ്കൂൾ, വല്ലകത്തെ ആരാധനാലയം എന്നിവിടങ്ങളിലേക്കു പോകാനുള്ള എളുപ്പ വഴിയാണിത്. കാലപ്പഴക്കത്താൽ പാലത്തിനു ബലക്ഷയം സംഭവിച്ചതോടെ കിലോമീറ്ററുകൾ വളഞ്ഞു ചുറ്റി പോകേണ്ട ഗതികേടിലാണ് നാട്ടുകാർ. ഇതുവഴിയുള്ള യാത്ര കുറഞ്ഞതോടെ റോഡും പാലവും എല്ലാം കാടുകയറിയ നിലയിലാണ്. എംപി, എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.