മുണ്ടക്കയം – ചങ്ങനാശേരി റൂട്ടിൽ ഭീതിവിതച്ച് കെഎസ്ആർടിസി– സ്വകാര്യ ബസുകളുടെ മത്സരയോട്ടം
Mail This Article
കറുകച്ചാൽ ∙ മുണ്ടക്കയം – ചങ്ങനാശേരി റൂട്ടിൽ ഭീതിവിതച്ച് കിഴക്കൻ റൂട്ടിലെ 2 ബസുകളുടെ മത്സരയോട്ടം. ചങ്ങനാശേരി – നെടുങ്കണ്ടം പൊന്നാമല റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റും ചങ്ങനാശേരി – കമ്പംമെട്ട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുമാണു മത്സരയോട്ടം നടത്തുന്നത്. കാലങ്ങളായി തുടരുന്ന മത്സരപ്പാച്ചിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. 11.15ന് ഒന്നിച്ച് മുണ്ടക്കയത്തുനിന്നു ചങ്ങനാശേരിയിലേക്ക് പുറപ്പെടുന്ന ബസുകൾ ഒന്നര മണിക്കൂറിൽ അധികമാണ് മത്സരിച്ചോടുന്നത്.
കൊടുംവളവുകളിൽ ഓവർടേക്ക് ചെയ്യുക, സ്റ്റോപ്പിൽ നിർത്തുന്ന ബസിനെ അപകടകരമായ രീതിയിൽ മറികടക്കുക, മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ പറ്റാത്തവിധം മാർഗതടസ്സം ഉണ്ടാക്കുക എന്നിവ പതിവാണ്. ഒരു ബസ് സ്റ്റോപ്പിൽ നിർത്തിയാൽ പിന്നാലെ വരുന്ന ബസ് നിർത്തിയിട്ട ബസിന് മറികടന്ന് സ്റ്റോപ്പിൽനിന്നു മാറി യാത്രക്കാരെ ഇറക്കുന്നത് പതിവു കാഴ്ചയാണ്. ആദ്യമെത്തുന്ന ബസ് സ്റ്റാൻഡിൽ കയറിയാൽ പിന്നാലെ വരുന്ന ബസ് സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ റോഡിൽ ഇറക്കും. കെഎസ്ആർടിസി ടേക് ഓവർ സർവീസാണെന്നും ഇതിന്റെ സമയം മാറ്റാനാകില്ലെന്നും അധികൃതർ പറയുന്നു.