നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ട് മതിലും ഗേറ്റും തകർത്തു; അപകടം കോട്ടയത്ത്
Mail This Article
കോട്ടയം ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലേക്ക് ഉരുണ്ട് അപകടം. ടിബി റോഡ് കുറുകെ കടന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെയും മതിലിലിടിച്ചു നിന്നു. സ്റ്റാൻഡിൽ നിന്ന് 50 മീറ്ററിലധികം ബസ് ഉരുണ്ടുനീങ്ങി. ഒഴിവായത് വൻദുരന്തം. ബസ് റോഡിലേക്ക് കുറുകെ കടക്കുന്ന സമയത്തു തന്നെ ഒരു കാർ കടന്നുപോയിരുന്നു. അദ്ഭുതകരമായാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. അവധി ദിനമായതിനാൽ ഇന്നലെ റോഡിൽ തിരക്കു കുറഞ്ഞതും അപകടം ഒഴിവാക്കി.
2 മാസം മുൻപും സമാനമായ രീതിയിൽ ബസ് പിന്നിലേക്ക് ഉരുണ്ട് പ്രസ് ക്ലബ്ബിന്റെ ഗേറ്റും പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ മതിലും തകർത്തിരുന്നു. അന്ന് തകർന്ന മതിൽ പുനർനിർമിച്ചിട്ടില്ല. തകർന്ന മതിൽക്കെട്ടിന്റെ കോൺക്രീറ്റ് പാളിയിലിടിച്ചാണ് ഇന്നലെ ബസ് നിന്നത്. രാവിലെ 11.30നാണ് അപകടം. സമീപത്ത് ഹോട്ടലുകളും ഓട്ടോറിക്ഷ സ്റ്റാൻഡുമുണ്ട്. നൂറുകണക്കിനു യാത്രക്കാർ പരിസരത്തുണ്ടായിരുന്നു. സ്റ്റാൻഡിൽനിന്നു ടിബി റോഡിലേക്ക് കുത്തനെയുള്ള ചെരിവും അപകടകാരണമായി.
ചതിച്ചത് ഗിയർ
അപകടത്തെക്കുറിച്ച് കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ; ബസ് നിർത്തി യാത്രക്കാരെ ഇറക്കി ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് ബസ് താനേ പിന്നിലേക്ക് ഉരുണ്ടുനീങ്ങി. ഗിയർ തകരാറിലായതാണ് അപകട കാരണം. കൂടുതൽ പരിശോധന നടത്തി വരികയാണെന്നു കെഎസ്ആർടിസി അറിയിച്ചു.