കുമരകത്ത് പുതിയ കള വ്യാപിക്കുന്നു
Mail This Article
കുമരകം ∙ പഞ്ചായത്തിലെ ഇത്തിക്കായൽ പ്രദേശത്തു പുതിയ ഇനം അധിനിവേശക്കള വ്യാപിക്കുന്നതായി കണ്ടെത്തി. നിരീക്ഷണത്തിനായി കാർഷികസർവകലാശാലയിലെ ദേശീയ കള ഗവേഷണ പ്രോജക്ടിലെ ശാസ്ത്രജ്ഞരായ ഡോ. പി.പ്രമീള,ഡോ.സവിത ആന്റണി, കോട്ടയം കൃഷികേന്ദ്രം മേധാവി ഡോ.ജി.ജയലക്ഷ്മി എന്നിവർ സ്ഥലം സന്ദർശിച്ചു. തൃശൂർ കാർഷിക സർവകലാശാലയിൽ കള എത്തിച്ച് പരിശോധന തുടങ്ങി. മങ്കൊമ്പ് കൃഷി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കള പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് തൃശൂരിലേക്കു കൈമാറിയത്. കളയുടെ പേര് എന്താണെന്നു പരിശോധനയ്ക്കു ശേഷമേ കണ്ടെത്താനാകൂവെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
6 മുതൽ 7 അടി ഉയരത്തിൽ നീളമേറിയ ഇലകളോടു കൂടി തിങ്ങിവളരുന്ന ഈ ചെടി അതിന്റെ ഭൂകാണ്ഡങ്ങളിൽനിന്നു കിളിർക്കുന്ന ചിനപ്പുകൾ വഴിയാണ് പടരുന്നതെന്നു ഡോ.ജി.ജയലക്ഷ്മി പറഞ്ഞു. വെള്ളക്കെട്ടുള്ള ഇടങ്ങളാണ് ഇതിന്റെ ആവാസസ്ഥലം. ഇവയുടെ വ്യാപനം മൂലം പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും കൊതുകുശല്യവുമുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരായ തോമസ് ജോൺ, ടി. പി ജോൺ, ടി.ബി ജോൺ,ടിജോ പി. ജോൺ, മത്തായി, കൊച്ചുമോൾ,തോമസ് മറ്റം എന്നിവർ കളയെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞർക്കു നൽകി.